
ജാതി, മത, വര്‍ണ, വര്‍ഗ, ദേശ വ്യത്യാസങ്ങളില്ലാതെ എല്ലാവര്‍ക്കും ആരാധിക്കാവുന്ന ഒരു ക്ഷേത്രം കണ്ണൂരില്‍ സ്ഥിതി ചെയ്യുന്നു. മലബാറിലെ ഒരു ധര്‍മ്മസ്ഥലമാണ് പറശ്ശിനി മഠപ്പുര ശ്രീ മുത്തപ്പന്‍ ക്ഷേത്രം.
കേരളത്തിന്‍റെ ആത്മീയ സാംസ്കാരിക മേഖലയ്ക്ക് ഉണര്‍വേകുന്ന സമയമാണ് വൃശ്ചിക മാസത്തിലെ മണ്ഡലവിളക്ക് കാലം. വൃശ്ചിക മാസം 16, 17 ആണ് പറശ്ശിനി മടപ്പുരയിലെ ഉത്സവകാലം.
തന്‍റെ അവതാര ലക്ഷ്യം പൂര്‍ത്തിയാക്കിയശേഷം മുത്തപ്പന്‍ ആറാട്ടിനും, നിത്യ ഉത്സവത്തിനും തിരഞ്ഞെടുത്ത സ്ഥലം. പറച്ചിങ്ങ എന്ന ഒരുതരം മുള്ളുച്ചെടി നിറഞ്ഞ പ്രദേശം, പിന്നീട് പറശ്ശിനിക്കടവ് ആയി മാറുകയായിരുന്നു. ഈ നാമധേയത്തിന് മറ്റൊരു കാരണം കൂടി പറയപ്പെടുന്നു. പുരാതന കാലം മുതലെ തോണി കടത്തുണ്ടായിരുന്ന ഇവിടെ പറച്ചി എന്ന പേരില്‍ ഒരു ഹരിജന്‍ സ്ത്രീ താമസിച്ചിരുന്നു. പറച്ചിയുള്ള കടവിന് പറച്ചിക്കടവെന്ന പേരു വന്നു. അതു പിന്നീട് പറശ്ശിനിക്കടവായി മാറിയെന്നും പറയപ്പെടുന്നു.
മഠപ്പുരയില്‍ നിറ ദിവസം നെല്‍ക്കതിര്‍ കൊണ്ടുവരുന്നത് ഹരിജനാണ്. ഇതുകൂടാതെ ആശാരി, മൂശാരി, കൊല്ലന്‍, തട്ടാന്‍ കൂടാതെ ഒരു മുസ്ലിം കുടുംബത്തിനു കൂടി ഇന്നും മഠപ്പുരയില്‍ വിവിധ അവകാശങ്ങള്‍ ഉണ്ട്. അവിടെ വേണ്ട നിവേദ്യ സാധനങ്ങള്‍ ഉണക്ക്മത്സ്യം, വെറ്റില, അടക്ക മുതലായവ ഒരു മുസ്ലിം ആണ് ഇപ്പോഴും മഠപ്പുരയില്‍ കൊണ്ടുവരുന്നത്. വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ മുത്തപ്പന്‍റെ സ്വീകാര്യത ഇതു വ്യക്തമാക്കുന്നു.
എണ്ണിയാലൊടുങ്ങാത്ത മഠപ്പുരകള്‍ രാജ്യത്തിന്‍റെ നാനാഭാഗത്തും ഉണ്ടെങ്കിലും സ്ഥിരമായി കുടിയിരുന്നത്, സൂര്യന്‍റെ രശ്മികളേറ്റ് തിളങ്ങുന്ന പറശ്ശിനി പുഴയുടെ തീരത്തുള്ള ഈ മഠപ്പുരയില്‍ ആണ്. ഇവിടെ എത്തിച്ചേരുക എന്നത് ഏതൊരു ഭക്തനും അവന്‍റെ സാഫല്യമാണ്. വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ദൈവമാണ് മുത്തപ്പന്‍.
കണ്ണടച്ച് കരങ്ങള്‍ കൂപ്പി വണങ്ങുക, മുന്നില്‍ മുത്തപ്പനാണ് അഭീഷ്ട വരദായകനാണ്. വിളിച്ചാല്‍ വിളിപ്പുറത്തു വരുന്ന ദേവനാണ്. ചരിത്രത്തിന്‍റെ പിന്നാമ്പുറത്തേക്ക് ഒരു എത്തിനോട്ടം ചെയ്താല്‍…. നാടുവാഴികളുടെ ജാതിപീഢനങ്ങള്‍, സാമ്പത്തിക ചൂഷണങ്ങള്‍ എല്ലാം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലഘട്ടം….. കിഴക്കന്‍ ചക്രവാളത്തിനു പതിവില്ലാത്ത ശോണിമയായിരുന്നു ആ നാള്‍, അമാവാസിയെ ഓര്‍മ്മപ്പെടുത്തുതുപോലെ എന്താണെന്നറിയില്ല, ആ നിറം ചക്രവാളത്തിലാകെ നിറയുന്നതുപോലെ, മാംസവും, ചോരയും ഇഴുകിച്ചേര്‍ന്ന മണ്‍തരികള്‍ എല്ലാത്തിനും മൂകസാക്ഷികളായ നാളുകള്‍.
യദായദാഹി ധര്‍മ്മസ്യ
ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മ്മസ്യ
തദാത്മാനം സുജാമ്യഗം
അധര്‍മ്മത്തില്‍ നിന്ന് ധര്‍മ്മത്തെ രക്ഷിക്കുവാന്‍ വേണ്ടി യുഗങ്ങള്‍തോറും ഭഗവാന്‍ മനുഷ്യരൂപം എടുത്തു അവതരിക്കുന്നു എന്ന് ഭഗവത്ഗീതയിലെ വരികളെ അനുസ്മരിക്കുമാറ് സാക്ഷാല്‍ മഹാവിഷ്ണു അധ:സ്ഥിരതരുടെ രക്ഷക്കായി ശ്രീ. മുത്തപ്പനായി അവതരിച്ചത്. പിന്നീട് മുത്തപ്പനോടൊപ്പം ശിവശക്തിയും കൂടിച്ചേര്‍ന്നു. വിഷ്ണു വലിയ മുത്തപ്പന്‍ (തിരുവപ്പന) ശിവന്‍ ചെറിയ മുത്തപ്പന്‍ എന്ന പേരിലും അറിയപ്പെടുന്നു. ശ്രീ മുത്തപ്പന്‍റെ ചരിത്രം ഒരു കാലഘട്ടത്തിന്‍റെ സാസ്കാരിക ചരിത്രം വിളിച്ചറിയിക്കുകയാണ്.
ശ്രീമുത്തപ്പന്‍ അതിമാനുഷിക ശക്തിയുള്ള യോദ്ധാവാണ്. ദിവ്യാത്ഭുതങ്ങള്‍ കാണിച്ചു, വിസ്മയിപ്പിച്ചും, ആപത്ഘട്ടഘങ്ങളില്‍ സഹായിച്ചു സാധാരണ മനുഷ്യര്‍ക്ക് ചെയ്യാന്‍ കഴിയാത്ത അത്ഭുതങ്ങള്‍ കാട്ടി, കഷ്ടപ്പെടുന്നവരുടെ രക്ഷകനായി മാറുകയായിരുന്നു സാക്ഷാല്‍ മുത്തപ്പന്‍.
കിഴക്കന്‍ മലയോരത്ത് പയ്യാവൂരിനടുത്തുള്ള എരുവേശ്ശിയില്‍ ഉള്ള അയ്യങ്കര ഇല്ലം. നാടുവാഴികളുടെ പരമ്പരയില്‍ പ്രധാനിയായിരുന്ന അയ്യങ്കര ڇവാഴുന്നവര്‍ڈ ഇല്ലത്തിനു സമ്പത്തും സല്‍പ്പേരും കണക്കിലേറെയുണ്ടെങ്കിലും ….. ആ നാലുകെട്ടിനുള്ളില്‍ ഏതോ ദു:ഖം എന്നും തളംകെട്ടി നിന്നിരുന്നു. വാഴുന്നവരുടെ വേളി കഴിഞ്ഞിട്ടു വര്‍ഷങ്ങളേറെ കടന്നുപോയിട്ടും ഭാര്യയായ പാടിക്കുറ്റി അന്തര്‍ജ്ജനം, ഒരു കുഞ്ഞിന്‍റെ അമ്മയായിത്തീരാത്തതില്‍ മനംനൊന്തു കഴിയുകയായിരുന്നു. ശിവഭക്തയായിരുന്ന അന്തര്‍ജനം പതിവുപോലെ പുലര്‍ക്കാലത്തു എഴുന്നേറ്റ് തന്‍റെ ഏഴു തോഴിമാരോടും കൂടി നീരാട്ടിനെഴുന്നള്ളി. തിരുവന്‍ കടലിലെ തെളിനീരില്‍ മുങ്ങിയപ്പോള്‍……. ഏതോ ഒരു അപൂര്‍വ്വ നിമിഷം…… കുന്നത്തൂര്‍പാടിയുടെ ഉച്ചിയില്‍ വെളിച്ചം പുലരുന്നേയുണ്ടായിരുന്നുള്ളൂ. ചെടികളും പൂക്കളും സൂര്യസ്പര്‍ശമേല്‍ക്കാതെ ആലസ്യത്തോടെ നിന്നു. മരങ്ങള്‍ക്കിടയിലൂടെ കാറ്റ് ചൂളം വിളിച്ചു. കുന്നിന്‍ മുകളില്‍ ഒറ്റയായി നില്‍ക്കുന്ന ഒരു കുടിലിലെ മച്ചിനകത്തുനിന്ന് കടവാതിലുകള്‍ ചിറകിട്ടടിച്ചു. അന്തര്‍ജനം വീണ്ടും വീണ്ടും മുങ്ങിയപ്പോള്‍…. തിരുനെറ്റിക്കല്ലില്‍ തേജോമയനായ ഒരു കുഞ്ഞു കൈകാലിട്ടടിക്കുന്നു…. അവര്‍ വാരിയെടുത്തു അയ്യങ്കര ഇല്ലത്തേക്കു കുതിച്ചു. അതൊരു ആണ്‍കുഞ്ഞായിരുന്നു.
എവിടെനിന്നെല്ലാമോ ഉയരുന്ന ആക്രോശം കേട്ടുതഴമ്പിച്ച വിളിപ്പേരുകള്‍, തന്നെ അവയൊന്നും പ്രകോപിതയാക്കിയില്ല…. കുഞ്ഞിനെനോക്കി പാടിക്കുറ്റി അമ്മ ഇതു മുത്തോ അപ്പാ എന്നു പറഞ്ഞു. അതിലൂടെ മുത്തപ്പന്‍ എന്ന പേരുവന്നു. കുഞ്ഞിനെ കണ്ട അയ്യങ്കര ദേവന്‍ നമ്പൂതിരിയുടെ കണ്ണുകള്‍ സന്തോഷത്തോടെ നിറഞ്ഞൊഴുകി.
അതു അദ്ദേഹം ഒരു നാടിന്‍റെ ഉത്സവമാക്കി മാറ്റി. അന്നദാനവും, വസ്ത്രദാനവും നല്‍കി നമ്പൂതിരി സന്തോഷം പങ്കിടുകയായിരുന്നു. കുട്ടി വളര്‍ന്നുവന്നപ്പോള്‍ പാരമ്പര്യ ആചാരപ്രകാരം ഉപനയനം നടത്തി. കൗമാരത്തില്‍ കാലൂന്നിയ പ്രിയപുത്രനില്‍ അസാധാരണത്വം ദര്‍ശിച്ചു. അവന്‍റെ നന്മക്കായി ഒട്ടേറെ വഴിപാടുകള്‍ കഴിച്ചു.
ശ്രാദ്ധവും, പിണ്ഡവും, ഹോമവും, പൂജയും, ദേവസൂക്തങ്ങളും, വേദമന്ത്രങ്ങളും…തൊട്ടുകൂടായ്മയും, തീണ്ടലും എല്ലാം അവന്‍ വെറുത്തു തുടങ്ങി. ജാതിമതഭേദമന്യേ താഴ്ന്ന ജാതിക്കാരുമായി കൂട്ടുകൂടാനും, കാട്ടില്‍ പോയി നായാടിക്കൊണ്ടുവന്ന കാട്ടുജന്തുക്കളെ ചുട്ടുതിന്നാനും, പനങ്കള്ള് ഇഷ്ടംപോലെ കുടിക്കുകയും… അങ്ങിനെ മദ്യവും മാംസവും കഴിക്കുക എന്നത് നിത്യശീലമാക്കി. അതിനായി തന്‍റെ പൂണൂല്‍ പാലാഴിയില്‍ സമര്‍പ്പിച്ചു. പോറ്റു മകന്‍ ചെയ്യുന്ന അനീതികള്‍ കണ്ടു സഹിക്കാന്‍ വയ്യാതെ നമ്പൂതിരി ഇല്ലം വിട്ടു പോകുവാന്‍ തീരുമാനിച്ചു. നമ്പൂതിരിയുടെ വാക്കുകള്‍ കേട്ടുക്കൊണ്ട് കയറിവന്ന മുത്തപ്പന്‍ കിടപ്പുമുറിയില്‍ കയറി കതകടച്ചു. ഏറെ പരിഭ്രമിച്ച അച്ഛനും അമ്മയ്ക്കും മുന്നില്‍ വാതിലുകള്‍ സ്വയം തുറക്കപ്പെട്ടപ്പോള്‍… സൂര്യബിംബം പൂര്‍ണ്ണമായും ചക്രവാളത്തിലേക്ക് താഴ്ന്നു കഴിഞ്ഞ സമയം… എങ്ങും അന്ധകാരം മാത്രം ബാക്കി. തങ്ങളുടെ പ്രിയപുത്രനുപകരം അമ്പും വില്ലും അണിഞ്ഞു തീ തുപ്പുന്ന കണ്ണുകളുമായി നില്‍ക്കുന്ന സാക്ഷാല്‍ ശ്രീമുത്തപ്പന്‍റെ വിശ്വരൂപം. ചുറ്റും നോക്കിയപ്പോള്‍ അവിടമാകെ തീ പടര്‍ന്നു പിടിച്ചു. കല്ലും മരവും ഉരുകിപ്പോയി. നമ്പൂതിരി ഭയന്നുവിറച്ചു. മുത്തപ്പ രൂപത്തിന്‍റെ കണ്ണുകളില്‍ നിന്നും അഗ്നി ജ്വലിച്ചു കൊണ്ടിരിക്കുന്നു. പാടിക്കുറ്റിയമ്മയുടെ അപേക്ഷ പ്രകാരം മകന്‍ തന്‍റെ കണ്ണുകളെ പൊയ്ക്കണ്ണ് കൊണ്ട് മൂടിക്കെട്ടി.
കംസന്‍റെ തടവറയില്‍ പിറന്ന ഭഗവാന്‍ കൃഷ്ണന്‍ ശംഖ്ചക്ര ഗദാധാരിയായി തന്‍റെ വിശ്വരൂപം അമ്മയായ ദേവകിക്ക് കാട്ടിക്കൊടുത്തപോലെ ആ മാതാപിതാക്കള്‍ക്ക് മുത്തപ്പന്‍ വിശ്വരൂപം കാട്ടിക്കൊടുത്തു. സാക്ഷാല്‍ വിഷ്ണുഭഗവാന്‍റെ അവതാരമായ ശ്രീമുത്തപ്പനെയാണ് തനിക്ക് മകനായി കിട്ടിയതെന്ന് പാടിക്കുറ്റി അന്തര്‍ജനത്തിന് ബോധ്യമായി.
തന്നെ കാത്തുകിടക്കുന്ന കുന്നത്തൂര്‍പാടി വനത്തിന്‍റെ നിബിഡാന്ധകാരത്തിലേക്ക് ആ പാദങ്ങള്‍ ചലിച്ചു. എവിടെ നിന്നോ മുളങ്കാടിന്‍റെ സംഗീതംപോലെ……….. കുന്നത്തൂര്‍പാടിയില്‍ പ്രക്ഷുബ്ധത നീങ്ങി തിരയൊഴിഞ്ഞ കടല്‍പോലെ ശാന്തമായി തുടങ്ങി, അനന്തതയെ നോക്കി മുത്തപ്പന്‍ മന്ദഹസിച്ചു.
കുന്നത്തൂര്‍മല ലക്ഷ്യമാക്കി യാത്ര പറഞ്ഞു ശ്രീമുത്തപ്പന്‍ ഇറങ്ങി.
ക്ഷേത്രങ്ങളും, പൂജാദികര്‍മ്മങ്ങളും ബ്രാഹ്മണമേധാവിത്തത്തിന്‍റെ അധീനതയില്‍ മാത്രം ഒതുങ്ങിയപ്പോള്‍, ഇതിനെതിരെ പോരാടിയ വിശ്വമാനവികതയുടെ മോചകനായി മാറി മുത്തപ്പന്‍. താഴ്ന്നജാതിക്കാരായ അടിയാന്മാരെക്കൊണ്ടും, ആദിവാസികളെക്കൊണ്ടും, തീയ്യന്‍, വണ്ണാന്‍ തുടങ്ങിയ ജാതിക്കാരെക്കൊണ്ടും മുത്തപ്പന്‍ കടമകള്‍ നിര്‍വ്വഹിപ്പിച്ചു. വിശ്വസിച്ചയാളെ ചതിക്കില്ല. ചതിച്ചവനെ വിശ്വസിക്കില്ല. അതാണ് മുത്തപ്പന്‍. വീട്ടില്‍ ഒരു അതിഥി വന്നാല്‍ എങ്ങനെ സ്വീകരിക്കുന്നുവോ.. അതുപോലെയാണ് പറശ്ശിനിമഠപ്പുരില്‍ എത്തുന്ന ഭക്തജനങ്ങളെ സ്വീകരിക്കുന്നത്.
മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ആരാധനാ രീതിയാണ് പറശ്ശിനിയില്‍. ബിംബാരാധാനയോ, നിത്യപൂജയോ അല്ല കെട്ടിയാടുന്ന കോലങ്ങള്‍ക്കാണ് മഠപ്പുരയില്‍ പ്രാധാന്യം. തീയ്യസമുദായത്തില്‍പ്പെട്ട മടയന്‍മാരാണ് അകത്തെ കര്‍മ്മങ്ങള്‍ ചെയ്യുന്നത്. പെരുവണ്ണാന്‍ മുത്തപ്പന്‍റെ കോലം കെട്ടിയാടുന്നു.
മുത്തപ്പന്‍റെ അടുത്ത് എന്നും ഭക്തജനങ്ങള്‍ അവരുടെ സങ്കടങ്ങളും, വിഷമങ്ങളും അറിയിക്കുന്നു. മുത്തപ്പന്‍ അതിനു പരിഹാരം കാണുന്നു. അങ്ങനെ എല്ലാ ഭക്തജനങ്ങളും സായൂജ്യമടഞ്ഞ് തിരിച്ചുപോകുന്ന ഒരു മഹാക്ഷേത്രമാണ് ശ്രീമുത്തപ്പന്‍ മഠപ്പുര.
ഇവിടെ എന്നും ഉത്സവമാണെങ്കിലും വൃശ്ചികം 16, 17 തീയ്യതികള്‍ മഹോത്സവങ്ങളായി കൊണ്ടാടുന്നു.
ടി. വിജയന്‍ നമ്പ്യാര്‍
Mob: 9916394218









