സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല അടുത്ത വര്‍ഷം മുതല്‍ ഗവേഷണ പഠന വിഭാഗം തുടങ്ങുമെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി.പി ജഗതിരാജ് പറഞ്ഞു. ജില്ലാ പഞ്ചായത്ത്, സാക്ഷരത മിഷന്‍ എന്നിവരുടെ സഹകരണത്തോടെ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ‘വിദ്യാഭ്യാസത്തിലൂടെ നവകേരളത്തിലേക്ക്’ തുടര്‍പഠന ബിരുദ പഠന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പഠിതാക്കളുടെ താല്‍പ്പര്യത്തിനനുസരിച്ച് പാഠ്യപദ്ധതികളും കോഴ്‌സുകളും തീരുമാനിക്കുന്നതും ഉയര്‍ന്ന നിലവാരത്തില്‍ പഠന സൗകര്യങ്ങളും ഒരുക്കുന്നതും ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാലയുടെ പ്രത്യേകതയാണ്. റഗുലര്‍ കോളേജുകളിലേത് പോലെയുള്ള പഠന സൗകര്യങ്ങളും ഇവിടെ ഉറപ്പാക്കുന്നു. യു.ജി.സി യോഗ്യതയുള്ള മികച്ച അധ്യാപകരുടെ ശിക്ഷണത്തില്‍ ഓരോ കോഴ്‌സുകളും മുന്നേറുന്നു. ഇന്ന് തൊണ്ണൂറായിരത്തോളം വിദ്യാര്‍ത്ഥികൾ സര്‍വകലാശാലയ്ക്ക് കീഴില്‍ അധ്യയനം നടത്തുന്നുണ്ട്. പലവിധ കാരണങ്ങളാല്‍ പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നവര്‍ക്കും ഇതൊരു പ്രതീക്ഷയായി മാറുന്നു. പ്രായഭേദമന്യേ എല്ലാവര്‍ക്കും തുടര്‍ പഠനത്തിന് ആശങ്കകളില്ലാതെ സര്‍വകലാശാലയെ സമീപിക്കാമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.
പാവപ്പെട്ടവരുടെ തുടര്‍ പഠന സ്വപ്‌നങ്ങളാണ് ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല നിറവേറ്റുന്നതെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ബിനോയ് കുര്യന്‍ പറഞ്ഞു. കേരളത്തിന്റെ നവോത്ഥോന ആശയങ്ങള്‍ക്ക് കരുത്തു പകര്‍ന്ന ശ്രീനാരായണ ഗുരുവിന്റെ മഹത് സന്ദേശമാണ് സര്‍വകലാശാലയും ഉത്തരവാദിത്തോടെ നിറവേറ്റുന്നത്. ഈ തുടര്‍പഠന സൗകര്യങ്ങള്‍ ഏവര്‍ക്കും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത്് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. പ്രസാദ്, ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല റീജിയണല്‍ ഡയറക്ടര്‍ പ്രൊഫ. സുരേഷ്‌കുമാര്‍, എല്‍.എസ്.സി കോര്‍ഡിനേറ്റര്‍ പ്രൊഫ. കെ. രഞ്ജിത്ത്, സാക്ഷരത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഷാജു ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. ടി. സുധ, ഡോ. ഡി.കെ കനിത എന്നിവര്‍ ഇന്ററാക്ടീവ് സെഷനില്‍ പഠിതാക്കള്‍ക്ക് കോഴ്‌സുകള്‍ പരിചയപ്പെടുത്തി.









