Friday, October 9, 2026
Art & Literature

കണ്ണൂരിനെ ഇംഗ്ളീഷ് ചെയ്ത സെൻറ് ട്രീസാസ് ആംഗ്ളോ ഇന്ത്യൻ ഹൈ സ്ക്കൂൾ*

Advertisement
Advertisement

*കണ്ണൂരിനെ ഇംഗ്ളീഷ് ചെയ്ത സെൻറ് ട്രീസാസ് ആംഗ്ളോ ഇന്ത്യൻ ഹൈ സ്ക്കൂൾ** കണ്ണൂർ ഹോളി ട്രിനിറ്റി പളളിയുടെ വികാരിയായിരുന്ന ഫാദർ മേരി ലൂയിസ് മാർട്ടെല്ലി എന്ന കർമ്മലീത്ത വൈദികൻ കണ്ണൂരിലെ തന്നെ യൂറോപ്യൻ സൈനിക ക്യാമ്പിലെ പുരോഹിതൻ കൂടിയായിരുന്നു. കണ്ണൂരിലെ പെൺ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകിയിരിക്കണം എന്ന ലക്ഷ്യത്തോടെ മംഗലാപുരം മെത്രാൻ മൈക്കിൾ ആൻറണി നൽകിയ പണവും ചേർത്ത് 1867 ൽ അദ്ദഹം പണി കഴിപ്പിച്ചതാണ് ബർണ്ണശ്ശേരിയിലെ കോൺവെൻറ് കെട്ടിടവും ചാപ്പലും. എന്നാൽ കോൺവെൻറ് പണിതു എന്നല്ലാതെ അത് നടത്തി കൊണ്ടുപോകാൻ സിസ്റ്റേഴ്സ് ഇനി എവിടുന്ന് വരും എന്നത് അദ്ദേഹത്തെ കുഴയ്ക്കുന്ന അവസ്ഥയിലാക്കി. “ക്ഷമയോടെ കാത്തിരിക്കുന്ന വർക്ക് കർത്താവ് സമീപസ്ഥനാണ് ” എന്ന സങ്കീർത്തന വചനം ഉൾക്കൊണ്ട് കൊണ്ട് ഫാ. മാർട്ടെല്ലി പ്രതീക്ഷ കൈവെടിഞ്ഞില്ല. അധികം വൈകാതെ മംഗലാപുരത്തെ സെൻറ് ജോസഫ് ഓഫ് അപ്പാരീഷൻ സിസ്റ്റേഴ്സിൻറെ കോൺവെൻറ് മതിൽ ശക്തിയേറിയ കാറ്റും മഴയും കാരണം ഇടിഞ്ഞു വീണു. അപകടം കൂടുതൽ ഉണ്ടാകാൻ സാധ്യത ഉളളതിനാൽ അവിടത്തെ ആറ് സിസ്റ്റർമാർ കണ്ണൂരിലെ പുതുതായി പണി കഴിപ്പിച്ച കോൺവെൻറിലേക്ക് വന്നു. 1867 മാർച്ചിൽ കൂടുമാറി വന്നവർ ഇവരൊക്കയായിരുന്നു : മദർ ടെറീസ മെക്കൻസി (ഇംഗ്ളീഷ് ഇറ്റാലിയൻ) , സിസ്റ്റർ പൗള (മാൾട്ട) , സിസ്റ്റർ മേരി ജോസഫ് (മാർസെയ്ൽസ്) , സിസ്റ്റർ ടെറീസ ടെക്സിറ (കാർവാർ), സിസ്റ്റർ ടെറീസ മാക്ഹങ്ങ് (യൂറേഷ്യ), സിസ്റ്റർ സെറഫീന റെബല്ലോ (കല്ല്യാൺപ്പൂർ)- ഇവരോടൊപ്പം ഫിലിപ്പ, മേരി റൊസേറിയോ എന്ന സഹോദരിമാരും ക്രിസ്റ്റിൻ റൊസേറിയോ, ആൻ ഇഗ്നോസി റൊസേറിയോ എന്നവരും പിന്നീട് ബോഡേഴ്സ് ആയി അവരോടൊപ്പം ചേർന്നു. അന്ന് കണ്ണൂരിലുണ്ടായിരുന്ന പോർച്ചുഗീസുകാരുടെയും യൂറോപ്പ്യന്മാരുടെയും കണ്ണൂരുകാരുടെയും ഇടയിൽ മാർട്ടെല്ലി അച്ചൻ പ്രശസ്തി നേടി. ഏതാണ്ട് ഇരുന്നൂറ് വിദ്യാർത്ഥികൾ തലശ്ശേരി കണ്ണൂർ ദേശങ്ങളിലെ കുടുംബങ്ങളിൽ നിന്നും മിലിട്ടറി ക്യാമ്പുകളിൽ നിന്നും ബോർഡേഴ്സായി പഠിക്കാനെത്തി. ” സെൻറ് ജോസഫ്സ് കോൺവെൻറ് ” എന്നായിരുന്നു അന്ന് ഈ വിദ്യാഭ്യാസ സ്ഥാപനത്തെ നാമകരണം ചെയ്തത്. ഇന്നുളള സെൻറ് ട്രീസാസ് കോൺവെൻറ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തെ കേവലം ഒരു പള്ളിക്കൂടമോ ബോർഡിങ്ങ് സ്ക്കൂളോ ആയി ചരിത്രാന്വഷകർക്ക് കാണാൻ സാധിക്കില്ല. കണ്ണൂർ ബർണ്ണശ്ശേരിയിലെ കത്തോലിക്കാ പളളിയുടെ വിദ്യാഭ്യാസ വിഭാഗം മാത്രം കൈകാര്യം ചെയ്യാന്‍ ഫാദർ മാർട്ടെല്ലി സ്ഥാപിച്ച ഈ മഹദ് വിദ്യാലയം കണ്ണൂരിൻറെ സാമൂഹിക വിദ്യാഭ്യാസ സാംസ്കാരിക നവോത്ഥാനത്തിന് തന്നെ അടിത്തറ പാകിയ വിദ്യാലയം തന്നെ എന്ന് കഴിഞ്ഞ നൂറ്റിയമ്പത്തി യൊമ്പത് വർഷകാലത്തെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാവുന്ന യാതാർഥ്യമാണ്. ഇന്ത്യ സ്വതന്ത്രമാവുന്നതിന് മുമ്പ് രാജ്യത്തെ സ്ത്രീ വിദ്യാഭ്യാസം എത്രത്തോളമാവാം എന്നതും അതുപോലെ ലിംഗ അസമത്ത്വവും നിലനിന്നിരുന്ന സാമൂഹ്യ രാഷ്ട്രീയ ചുറ്റുപാടുകളിൽ ഈ യൂറോപ്യൻ സ്ക്കൂൾ ഒരുപാട് നിയമ കരുക്കുകളിലും സാമ്പത്തിക പ്രതിസന്ധികളിലും കുടുങ്ങി തപ്പിയും തടഞ്ഞും ചരിത്ര വഴികളിലൂടെ പല പോറലുകളും ഏറ്റ് വാങ്ങി അതിജീവിച്ച കഥകൾ പലതുമുണ്ട്. കണ്ണൂരിലെ സ്ത്രീ വിദ്യാഭ്യാസം സാധ്യമാക്കി തീർത്തതിലും അതിലുപരിയായി സ്ത്രീകളുടെ നവോത്ഥാനത്തിനും സ്ത്രീകൾക്ക് സമൂഹത്തിൽ മാന്യമായ പദവി ഉണ്ടാക്കിയെടുത്തതിലും പ്രഥമഗണനീയമായ സ്ഥാനം ഈ സ്ക്കൂളിനുണ്ട് എന്നത് തർക്കരഹിതമായ വസ്തുത തന്നെ. യൂറോപ്യൻ വിദ്യാഭ്യാസ രീതീശാസ്ത്രം അവലംബിച്ചിരുന്ന കണ്ണൂരിലെ പെൺകുട്ടികളുടെ ആദ്യത്തെ ഈ വിദ്യാലയം സർക്കാരുമായി ബന്ധിപ്പിക്കുന്ന ശ്രമങ്ങൾ ഫാ. മാർട്ടെല്ലി കുറെ നടത്തുകയും അതിൽ ഭാഗിഗമായി വിജയിക്കുകയും ചെയ്തു. അതിൻറെ ഫലമായിട്ടാണ് സർക്കാർ ഗ്രാൻറായി ആൺകുട്ടികളുടെ സ്ക്കൂൾ കെട്ടിടം പണിയാൻ 4047/- രൂപയും പെൺകുട്ടികളുടെ സ്ക്കൂൾ കെട്ടിടം വലുതാക്കി പണിയാൻ 2115/- രൂപയും പാസ്സായി കിട്ടിയത്. 1867 ഡിസംബർ മൂന്നാം തീയ്യതി സ്ക്കൂൾ പരിശോധന നടത്താനും പരിഷ്ക്കരണങ്ങൾ നടപ്പിലാക്കാനും എത്തിയ മിസ്റ്റർ എൽ.ഗാർത്ത്വെയ്റ്റ് മൂന്ന് സിസ്റ്റർമാരെ യൂറോപ്പിലേക്ക് പറഞ്ഞുവിട്ടു. 1868 ൽ പിന്നീട് കാര്യങ്ങൾ നോക്കി നടത്താൻ ക്രിസ്റ്റീന, ഫിലിപ്പ എന്നീ രണ്ടു സഹോദരിമാരും കോഴിക്കോട് നിന്നെത്തിയ അനറ്റ ഡിസെൽവ ടെറീസ ടെക്സീറ എന്നിവരുമായിരുന്നു. ഭരണനിർവ്വഹണ കാര്യങ്ങളിലെ ഞെരുക്കങ്ങൾ കൂടാതെ കുട്ടികളെ വിവേചനത്തോടെ പഠിപ്പിക്കുന്ന ചുറ്റുപാടുകളും ഉരുത്തിരിഞ്ഞുവന്നു. സൈനികരുടെ യൂറോപ്യൻ കുട്ടികൾക്ക് പ്രത്യേകമായി വേറെ ഡിവിഷൻ വേണ്ട എന്ന് സ്ക്കൂൾ ഇൻസ്പെക്ടർ ശഠിച്ചപ്പോൾ യൂറോപ്പുകാർ അവരുടെ പെൺമക്കളെ തിരികെ കൊണ്ടു പോയി. അവർക്ക് തദ്ദേശീയരായവരുടെ കുട്ടികളുടെ കൂടെ ഇരുത്തി വിദ്യ അഭ്യസിപ്പിക്കാൻ താല്പര്യമുണ്ടായിരുന്നില്ല. 1869 ൽ സ്ക്കൂളിനോട് ചേർന്ന് ഒരു ഓർഫണനജ് ഉണ്ടാക്കുകയും അതോടൊപ്പം പെരുകി വന്ന കുട്ടികളുടെ എണ്ണത്തിനനുസരിച്ച് പുതിയ കെട്ടിടവും പണിതു. 1869 ജൂൺ 17 ന് ഡി.പി.ഐ. ആയിരുന്ന മിസ്റ്റർ പൗവ്വൽ കുട്ടികൾ തിങ്ങി നിറഞ്ഞ് വരാന്തയിൽ ഇരുന്ന് പഠിക്കുന്ന കാഴ്ച കണ്ടപ്പോൾ പുതിയ കെട്ടിടം പൂർത്തിയാക്കുന്നതിനായി 2115/- രൂപ അനുവദിച്ചതിൻറെ ഫലമായി കെട്ടിട നിര്‍മാണം പൂർത്തീകരിക്കപ്പെട്ടു. സ്ക്കൂളിൻറെ പൂർവ്വകാല പരോഗതിയിലും അതിനെ എല്ലാരീതിയിലും പരിപൂർണ്ണ വിദ്യാലയമാക്കി മാറ്റിയത് മദർ വെറോണിക്ക എന്ന മിസ് സോഫി ലീവ്സ് ആണ് എന്ന് സ്ക്കൂളിൽ രേഖപ്പെടുത്തിയതായി കാണുന്നു .ദൈവ വിളിയും സേവനോത്സുകതയും കൊണ്ട് ബ്രിട്ടീഷുകാരിയായ അവർ സുഖലോലുപമായ ലൗകിക ജീവിതം ത്യജിച്ച് സെൻറ് ജോസഫ് ഓഫ് ദി അപ്പാരിഷൻ സഭയിൽ ചേരുകയും അതിന് ശേഷം റോമിൽ നിന്നുള്ള ആജ്ഞ പ്രകാരം മലബാറിലെ കോഴിക്കോട്ട് 1862 ഏപ്രിൽ 27 ന് എത്തി സെൻറ് ജോസഫസ് കോൺവെൻറിറെ ഉത്തരവാദിത്ത്വം ഏറ്റെടുക്കുകയും ചെയ്തു . 1867 ജൂലൈ 2ന് ഫ്രാൻസിലെ കാർമെൽ ഓഫ് പായു എന്ന സഭയിൽ ചേരുകയും അത് പിന്നീട് 1868 ജൂലൈ 16 ന് അപ്പോസ്ത്തലിക് കാർമെൽ എന്ന ക്രൈസ്തവ സഭയായി രൂപീകരിക്കപ്പെടുകയും ചെയ്തു. 1870 നവമ്പർ 19 ന് ആദ്യത്തെ അപ്പോസ്തൊലിക്ക് കാർമെൽ സഭാ സേവകർ മംഗലാപുരത്തെത്തുകയും അവിടെ സെൻറ് ആൻസ് കോൺവെൻറ് സ്ഥാപിക്കുകയും ചെയ്തു. അവർ പിന്നീട് 1871 മാർച്ച് 22 ന് കോഴിക്കോടെത്തി സെൻറ് ജോസഫ്സ് കോൺവെൻറും അതിന് പിന്നാലെ കണ്ണൂരിലെത്തി അവിടത്തെ സെൻറ് ജോസഫസ് കോൺവെൻറും ഏറ്റെടുത്തു. 1871 ആഗസ്ത് 25 ന് കണ്ണൂർ സെൻറ് ജോസഫസ് കോൺവെൻറ് അപ്പോസ്ത്തലിക്ക് കാർമ്മൽ എന്ന കർമ്മലീത്ത മൂന്നാം സഭയിൽ ലയിക്കുന്നതോടെ അതിൻറെ പേര് “സെൻറ് ട്രീസാസ് കോൺവെൻറ്” എന്നായി മാറി. എന്നാൽ ഇതോടെ എല്ലാ പ്രശനങ്ങളും തീർന്നു എന്ന് കരുതാനാവില്ല. സിസ്റ്റർ മരിയ ആൽമ എ.സി. എഴുതിയ “അപ്സ്തോലിക് കാർമ്മൽ: നാൾ വഴികൾ (1870- 2020)” എന്ന നാല് വാല്യങ്ങളിലായുള്ള ചരിത്ര പുസ്തകത്തിൽ ഈ സ്ക്കൂളിൽ ഉണ്ടായ ഒരു സംഭവം വിവരിച്ചത് അമ്പരപ്പിക്കുന്നത് തന്നെ. ഒരു ദിവസം “ചാല” എന്ന സ്ഥലത്ത് പോയി സിസ്റ്റേഴ്സ് തിരിച്ചു വരുമ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച തന്നെയായിരുന്നുവത്രെ. സാനി എന്ന അച്ചൻ മേലാകെ കരിയും ചാരവും പുരണ്ട് അടുക്കള ഭാഗത്ത് മേൽക്കുരയിൽ നിൽക്കുന്നു; ഗ്യാലോ അച്ചൻ അതേ കോലത്തിൽ താഴെയും ; പട്ടാളക്കാരും നാട്ടുകാരും കുട്ടികളും പരിഭ്രാന്തരായി പരക്കെ ഓടി. ഓർഫനേജിലെ ഒരു കുട്ടി തീ കൊണ്ടു കളിച്ച് അടുക്കള ഭാഗത്ത് തീപ്പടർന്ന് ആളിക്കത്തി. എന്നാൽ കൃത്യമായ ഇടപെടലും ദിവ്യകാരുണ്യത്താലും അവർക്ക് തീ നിയന്ത്രിക്കാനായി. വിദ്യാലയത്തിൻറെ സൂക്ഷ്മ ചരിത്ര അനുഭവങ്ങളിൽ ഇതും ഒരു പ്രധാന സംഭവം തന്നെ. ( തുടരും )

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement