കോഴിക്കോട് : 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം 3 ദിനം പിന്നിടുമ്പോൾ 683 പോയിന്‍റുമായി കണ്ണൂര്‍ ഒന്നാമത്. 679 പോയിൻ്റുമായി ആതിഥേയരായ കോഴിക്കോടും നിലവിലെ ജേതാക്കളായ പാലക്കാടും രണ്ടാം സ്ഥാനത്തുണ്ട്. 651 പോയിൻ്റുമായി തൃശൂരാണ് മൂന്നാം സ്ഥാനത്ത്. 642 പോയിൻ്റുള്ള തിരുവനന്തപുരം നാലാം സ്ഥാനത്താണ്. സ്കൂൾ തലത്തിൽ തിരുവനന്തപുരം വഴുതക്കാട് കാർമൽ ഗേൾസ് എച്ച് എസ് എസ്സാണ് 122 പോയിൻ്റുമായി ഒന്നാമത്. പാലക്കാട് ഗുരുകുലം സ്കൂൾ 111 പോയിൻ്റുമായി രണ്ടാം സ്ഥാനത്താണ്. 98 പോയിൻ്റുള്ള കണ്ണൂർ സെൻ്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ് ആണ് മൂന്നാം സ്ഥാനത്ത്. ആകെയുടെ 239 ൽ 174 ഇനങ്ങളാണ് ഇതുവരെ പൂർത്തിയായത്. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 96ല്‍ 69ഉം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 78, ഹൈസ്‌കൂള്‍ അറബിക് – 19ല്‍ 14, ഹൈസ്‌കൂള്‍ സംസ്‌കൃതം – 19ല്‍ 13ഉം ഇനങ്ങളാണ് പൂര്‍ത്തിയായത്. നാലാം ദിനമായ നാളെ 54 മത്സരങ്ങൾ വേദി കയറും. ഹൈസ്കൂൾ വിഭാഗം സംഘനൃത്തം, നാടകം, ഭരതനാട്യം, നാടോടി നൃത്തം, ചവിട്ടു നാടകം, പരിചമുട്ട് കളി, ഹയർസെക്കൻ്ററി വിഭാഗം തിരുവാതിരക്കളി, തായമ്പക, കേരള നടനം.. തുടങ്ങിയ ഇനങ്ങൾ വേദിയിലെത്തും.അതേസമയം, കോവിഡ് സൃഷ്ടിച്ച രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കലാ മാമാങ്കം കാണാന്‍ പതിനായിരങ്ങളാണ് ഒഴികെയുത്തുന്നത്. അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിലെ മത്സരങ്ങൾ നടക്കുന്ന 24 വേദികളിലേക്കും രാവിലെ മുതൽ കലാസ്വാദകരുടെ ഒഴുക്കാണ്. വേദിക്കും പുറത്തും ജനം തടിച്ചുകൂടിയതോടെ ആകെ ഉത്സവച്ഛായയാണ് എങ്ങും. പോപ്പ്കോൺ, അതിഥി സൽക്കാരമൊരുക്കി കച്ചവടക്കാരും അണി നിരന്നതോടെ കാര്യങ്ങള്‍ പൊടിപൂരം.മത്സരാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്ക് പുറമേ കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും മറ്റു ജില്ലകളിലുളളവരും കലോത്സവം ആഘോഷമാക്കി മാറ്റുകയാണ്. രാവിലെ മുതൽ വേദികൾ ജനനിബിഡമായിരുന്നു. പ്രവൃത്തി ദിവസമായിട്ടു പോലും ചെറിയ കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേരാണ് കലോത്സവ നഗരിയിലെത്തിയത്.ഹയർസെക്കന്ററി വിഭാഗം നാടോടി നൃത്തത്തോടെയാണ് പ്രധാന വേദിയായ വിക്രം മൈതാനിയിൽ മത്സരങ്ങൾ ആരംഭിച്ചത്. ശേഷം മലബാറിന്റെ മാപ്പിള കലാരൂപമായ ഒപ്പനയും വേദിയിൽ അരങ്ങേറി. ഹൈസ്കൂൾ വിഭാഗം ഒപ്പന മത്സരം ആരംഭിച്ചതോടെ വിക്രം മൈതാനിയിലേക്ക് ജനസാഗരമായിരുന്നു. സീറ്റുകൾ നിറഞ്ഞതോടെ വേദിയുടെ വശങ്ങളിൽ കലാസ്വാദകർ സ്ഥാനം പിടിച്ചു.