കേന്ദ്രത്തോട് 110 കോടിയുടെ പ്രത്യേക സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സംസ്ഥാനം


കാര്‍ഷിക മേഖലയ്ക്ക് ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് 110 കോടി രൂപയുടെ പ്രത്യേക കേന്ദ്രസഹായം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന് കത്തു നല്‍കിയതായി കൃഷിമന്ത്രി ടി.സിദ്ദിഖ് പറഞ്ഞു. 100 കോടി രൂപയുടെ പ്രത്യേക അഡ്ഹോക്ക് സാമ്പത്തിക പാക്കേജും 10 കോടി രൂപയുടെ കാര്‍ഷിക പുനരുജ്ജീവന ധനസഹായവും ഉള്‍പ്പെടെയാണ് പ്രത്യേക സാമ്പത്തിക സഹായം ആവശ്യപ്പെട്ടത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നഷ്ടപ്പെട്ട മണ്ണിന്റെ ഫലഭൂയിഷ്ഠത വീണ്ടെടുക്കുന്നതിനായി ഡിജിറ്റല്‍ സാര്‍വത്രിക മണ്ണ് പരിശോധന നടപ്പാക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ ആവിഷ്‌കരിക്കുമെന്ന് മന്ത്രി അറിയിച്ചു.

100 കോടി രൂപയുടെ പ്രത്യേക കേന്ദ്രസഹായം ലഭ്യമാകുന്ന പക്ഷം, നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കി നഷ്ടപരിഹാരവും പുനരധിവാസ സഹായവും ബാധിതരായ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 10 കോടി രൂപയുടെ കാര്‍ഷിക പുനരുജ്ജീവന ധനസഹായം ലഭിച്ചാല്‍ വെള്ളക്കെട്ട് മൂലമുണ്ടായ എക്കലും ചെളിയും നീക്കം ചെയ്ത് കൃഷിയിടങ്ങള്‍ പുനഃസജ്ജമാക്കുന്നതിനും, മണ്ണിന്റെ ഫലഭൂയിഷ്ഠത വീണ്ടെടുക്കുന്നതിനാവശ്യമായ ജൈവവളങ്ങളും മണ്ണ് പരിപോഷകങ്ങളും സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുന്നതിനും, ഗുണനിലവാരമുള്ള വിത്തുകളും തൈകളും അടിയന്തരമായി സംഭരിച്ച് വിതരണം ചെയ്യുന്നതിനുമാണ് വിനിയോഗിക്കുകയെന്ന് മന്ത്രി വിശദീകരിച്ചു.









