തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവാസി ക്ഷേമ പെൻഷൻ വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ സർക്കാർ പരിശോധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ നിയമസഭയെ അറിയിച്ചു. നജീബ് കാന്തപുരം എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പ്രവാസി ക്ഷേമ പെൻഷൻ ലഭിക്കുന്നതിനായി ജനപ്രതിനിധികൾ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ് മതിയെന്ന രീതിയിൽ ഇളവ് നൽകണമോ എന്ന കാര്യവും, സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട കാലാവധി ദീർഘിപ്പിക്കണമോ എന്ന കാര്യവും സർക്കാർ പരിശോധിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുൻപ് ലഭിച്ച നിരവധി അപേക്ഷകൾ തീർപ്പാക്കാനുണ്ടെന്നത് ഗൗരവത്തോടെ കാണുന്നുവെന്നും പെൻഷൻ വിതരണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം സഭയെ അറിയിച്ചു.









