ആൾക്കൂട്ട മർദനത്തെ തുടർന്ന് ആത്മഹത്യ : 6 പേർക്ക് എതിരെ കേസ്

അഴിയൂരിൽ ആൾക്കൂട്ട മർദനത്തെ തുടർന്നുണ്ടായ പതിനെഴുകാരൻ അഭിജിത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. ആൾക്കൂട്ടം മർദ്ദിച്ചതിലും വിചാരണ ചെയ്‌തതിലും മനംനൊന്താണ് അഭിജിത്ത് ജീവനൊടുക്കിയതെന്ന് കാണിച്ച് സുഹൃത്തുക്കൾ നൽകിയ പരാതിയിലാണ് നടപടി. ലഹരി ഉപയോഗിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം.കണ്ണൂർ സ്വദേശികളായ റിസ്‌വാൻ, അഭിനവ്, ഷമിൽ, നസീഫ്, ഷഹബാസ്, മിസ്ഹബ് എന്നിവർക്കെതിരെയാണ് ചോമ്പാല പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ഞായറാഴ്‌ചയാണ് അഭിജിത്തിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം ഒരുസംഘം ആളുകൾ മർദ്ദിച്ചതായും ശരീരമാസകലം വേദനയുണ്ടെന്നും അഭിജിത്ത് അമ്മയോടും സഹോദരനോടും പറഞ്ഞിരുന്നു. അഭിജിത്തിന്റെ മരണശേഷമാണ് ക്രൂരമായ ആൾക്കൂട്ട വിചാരണയുടെ വിവരങ്ങൾ സുഹൃത്തുക്കൾ ബന്ധുക്കളെ അറിയിക്കുന്നത്.തങ്ങൾ ലഹരി ഉപയോഗിച്ചെന്ന് തെറ്റിദ്ധരിച്ച് ഈ സംഘം ക്രൂരമായി മർദ്ദിച്ചെന്നും അഭിജിത്തിന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി വീട്ടിൽ പറയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തുക്കൾ പറഞ്ഞു. ഇതിൽ മനംനൊന്താണ് അഭിജിത്ത് ആത്മഹത്യ ചെയ്ത‌തെന്നാണ് കുടുംബവും സുഹൃത്തുക്കളും ആരോപിക്കുന്നു.

Top News from last week.