ബിജെപി നേതാവിന്റെ ആത്മഹത്യ: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വൈശാഖ് എസ് ദർശന് സസ്‌പെൻഷൻ


കണ്ണൂർ: ബിജെപി പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വൈശാഖ് എസ് ദർശനെ സംഘടനാ ചുമതലകളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. എറണാകുളം സ്വദേശിയായ വൈശാഖിനെ തിരുവനന്തപുരത്തു നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് വൈശാഖ് വഞ്ചിച്ചതാണ് തന്റെ മരണത്തിന് കാരണമെന്ന് വ്യക്തമാക്കി, തലശ്ശേരിയിലെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച ബിജെപി നേതാവ് രതീശൻ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് താൻ പിരിച്ചെടുത്ത തുക മുഴുവൻ വൈശാഖിനാണ് കൈമാറിയതെന്ന് കുറിപ്പിൽ പറയുന്നു. എന്നാൽ ജോലി ലഭിക്കാതെ വന്നതോടെ ഉദ്യോഗാർത്ഥികൾ പണം തിരികെ ആവശ്യപ്പെട്ട് വലിയ സമ്മർദ്ദം ചെലുത്തുകയായിരുന്നു.
ഓഗസ്റ്റ് മൂന്നിനാണ് രതീശനെ ഓഫീസ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. തട്ടിപ്പിനിരയായ ഉദ്യോഗാർത്ഥികൾ പരാതിയുമായി മുന്നോട്ടുവരുന്ന മുറയ്ക്ക് പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് പോലീസിന്റെ തീരുമാനം.









