കണ്ണൂർ പൊയ്ത്തുംകടവിലെ ഫാത്തിമത്ത് റിസയുടെ ആത്മഹത്യ: അന്വേഷണം ഭർത്താവിന്റെ വീട്ടുകാരിലേക്ക്; ആരോപണങ്ങൾ നിഷേധിച്ച് മാതാപിതാക്കൾ


കണ്ണൂർ: പൊയ്ത്തുംകടവ് സ്വദേശിനി ഫാത്തിമത്ത് റിസയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായക നീക്കവുമായി പോലീസ്. കേസിലെ പ്രതിയായ ഭർത്താവ് ആസിഫിന്റെ മാതാപിതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തു. എന്നാൽ, ആരോപണങ്ങളെല്ലാം ഇരുവരും പൂർണ്ണമായും നിഷേധിക്കുകയാണുണ്ടായത്.

മകൻ ലഹരി ഉപയോഗിക്കുന്നതിനെക്കുറിച്ചോ റിസയെ ശാരീരികമായി ഉപദ്രവിച്ചിരുന്നതിനെക്കുറിച്ചോ തങ്ങൾക്ക് യാതൊരു വിവരവുമില്ലെന്നാണ് മാതാപിതാക്കൾ പോലീസിന് നൽകിയ മൊഴി. റിസയ്ക്ക് നേരെ മർദനമുണ്ടാകുന്നത് കണ്ടിട്ടില്ലെന്നും ഇവർ അവകാശപ്പെട്ടു. മുൻകൂർ ജാമ്യം നേടിയശേഷമാണ് ഇരുവരും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായത്.
കഴിഞ്ഞ മാസം ജൂലൈ 28 നാണ് ഫാത്തിമത്ത് റിസയെ സ്വന്തം വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് തൊട്ടുപിന്നാലെ ഭർത്താവ് ആസിഫ് വിദേശത്തേക്ക് കടന്നിരുന്നു. റിസ അതിക്രൂരമായ ഗാർഹിക പീഡനങ്ങൾക്കും ഭർത്താവിന്റെ മർദനത്തിനും ഇരയായിരുന്നതായി പെൺകുട്ടിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് വിപുലമായ അന്വേഷണം നടത്തിവരികയാണ്.









