കണ്ണൂര്‍ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജകത്ത് താനാണ് എഴുതിയതെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കാനും വിജയിച്ച് കഴിഞ്ഞാല്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കാനും തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
തന്റെ പേരിലുള്ള വ്യാജകത്ത് സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണം. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍, ഡിജിപി,ജില്ലാകളക്ടര്‍ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. താന്‍ ഇത്തരത്തില്‍ ഒരു കത്ത് എഴുതുകയോ, അയയ്ക്കുകയോ ചെയ്തിട്ടില്ല. ഇത്തരത്തില്‍ കത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ അത് തുറന്ന് സമ്മതിക്കാനുള്ള രാഷ്ട്രീയ ആര്‍ജ്ജവം തനിക്കുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ എന്തിനാണ് മടിക്കുന്നത്. ആരാണ് വ്യാജകത്ത് സൃഷ്ടിച്ചതെന്ന് കണ്ടുപിടിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. തന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരില്‍ വ്യാജകത്ത് ആരാണ് സൃഷ്ടിച്ചതെന്ന് തെളിയിക്കാന്‍ സര്‍ക്കാരും പോലീസും തയ്യാറാകുന്നില്ലെങ്കില്‍ കോടതിയില്‍ ഏതറ്റംവരെയും പോയി സത്യസന്ധതയും നിരപരാധിത്വവും തെളിയിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഈ വ്യാജകത്തും വടകരയിലെ കാഫിര്‍ സ്്ക്രീന്‍ ഷോര്‍ട്ടിന് തുല്യമാണ്. കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ടിന്റെ അന്വേഷണം എല്‍ഡിഎഫ് പ്രവര്‍ത്തകരിലേക്ക് എത്തിയപ്പോഴാണ് അത് മരവിപ്പിച്ചത്. അതില്‍ യുഡിഎഫ് പ്രവര്‍ത്തകനെ പ്രതിയാക്കാനാണ് ശ്രമിച്ചത്. കോടതിയെ സമീപിച്ചപ്പോള്‍ മാത്രമാണ് നിലച്ച അന്വേഷണം വീണ്ടും നടത്തിയത്. ഒടുവില്‍ കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് അന്വേഷണം എത്തിയത് എല്‍ഡിഎഫിന് ബന്ധമുള്ള സമൂഹമാധ്യമ പേജുകളിലേക്കാണ്. അതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് കൊടുക്കാത്ത സാഹചര്യമാണുണ്ടായതെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. അതുപോലെ ഈ വ്യാജകത്തിലെ അന്വേഷണം മാറിയാല്‍ കോടതിയെ സമീപിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
കെ.സുധാകരനും താനുമായി ഒരു പ്രശ്‌നവുമില്ല. പത്തുവര്‍ഷത്തെ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് എതിരെ വിധിയെഴുത്തുണ്ടാകണമെന്ന് കെ.സുധാകരന്‍ ഔദ്യോഗിക സമൂഹമാധ്യമ പേജില്‍ പോസ്റ്റിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
പ്രചര തുകയേക്കാള്‍ കൂടുതല്‍ തുക ചെലവാക്കി സ്ഥലം വാങ്ങി. തുടര്‍ന്ന് പൈസ സമാഹരിക്കാതെ തന്നെ പാര്‍ട്ടിയുടെ തനത് ഫണ്ട് ഉപയോഗിച്ച് വീട് നിര്‍മ്മിക്കും. വയനാട് വീടിന്റെ ഗൃഹപ്രവേശനത്തിന് എല്ലാവരെയും വിളിക്കുമെന്നും സണ്ണി ജോസഫ് മറുപടി നല്‍കി.
താനും വിഡി സതീശനും വനവാസത്തിന് പോകേണ്ടിവരില്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സണ്ണി ജോസഫ് മറുപടി നല്‍കി. വനവാസം എന്നത് രാഷ്ട്രീയത്തിലെ ഒരു സംസാരശൈലിയാണ്.ജയിക്കും എന്നുള്ള ആത്മവിശ്വാസമാണ് അതില്‍ പ്രതിഫലിച്ചത്. പിണറായി വിജയന്‍ വനവാസത്തിന് പോകില്ല. പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിക്കാന്‍ ഇവിടെയുണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.യുഡിഎഫ് അധികാരത്തില്‍ വന്ന് എത്രയും വേഗം അഞ്ചിന ഇന്ദിരാ ഗ്യാരന്റി നടപ്പിലാക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
നൂറ് സീറ്റ് നേടി യുഡിഎഫ് അധികാരത്തില്‍ വരും.യുഡിഎഫും കോണ്‍ഗ്രസും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. തികഞ്ഞ പ്രതീക്ഷയും ആത്മവിശ്വാസവുമാണുള്ളത്. പേരാവൂരില്‍ ഇത്തവണ മുന്‍വര്‍ഷത്തെക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.









