ന്യൂഡൽഹി: പതഞ്ജലി സ്ഥാപകരായ ബാബാ രാംദേവും ബാലകൃഷ്‌ണയും സമർപ്പിച്ച ക്ഷമാപണം വീണ്ടും തള്ളി സുപ്രീം കോടതി. തങ്ങൾ അന്ധരല്ലെന്നും ഈ കേസിൽ ഉദാരത കാണിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് കോടതി ക്ഷമാപണം നിരസിച്ചത്. വിഷയത്തിൽ കേന്ദ്രത്തിൻ്റെ മറുപടിയിൽ തൃപ്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പതഞ്ജലിയുടെ മാപ്പപേക്ഷ കടലാസിൽ മാത്രമാണെന്നും ഇത് അംഗീകരിക്കാൻ തയാറല്ലെന്നും ജസ്റ്റിസ് ഹിമ കോഹ്‌ലിയും ജസ്റ്റിസ് എ അമാനുള്ളയും ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു. നടപടിക്രമങ്ങളുടെ തുടക്കത്തിൽ, രാംദേവും ബാലകൃഷ്‌ണയും ആദ്യം മാധ്യമങ്ങൾക്ക് മാപ്പപേക്ഷ അയച്ചതായി ബെഞ്ച് ചൂണ്ടിക്കാട്ടി.
“വിഷയം കോടതിയിൽ എത്തുന്നതുവരെ, ഞങ്ങൾക്ക് സത്യവാങ്മൂലം അയയ്ക്കാൻ അവർക്ക് സാധിച്ചില്ല. അവർ ആദ്യം മാധ്യമങ്ങൾക്ക് അയച്ചു, ഇന്നലെ വൈകുന്നേരം 7.30 വരെ കോടതിക്കുവേണ്ടി മാപ്പപേക്ഷ അപ്‌ലോഡ് ചെയ്തിട്ടില്ല. അവർ പരസ്യത്തിൽ മാത്രമാണ് വിശ്വസിക്കുന്നത്,” ജസ്റ്റിസ് ഹിമ കോഹ്‌ലി പറഞ്ഞു. മാപ്പപേക്ഷയിലൂടെ പതഞ്ജലി കോടതിയെ കബളിപ്പിക്കുകയാണെന്ന് ജസ്റ്റിസ് എ അമാനുള്ള വിമർശിച്ചു. ആരാണ് ഈ മാപ്പപേക്ഷ തയ്യാറാക്കിയതെന്ന് താൻ അത്ഭുതപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരിൽ പതഞ്ജലിക്കും സ്ഥാപകരായ യോഗ ഗുരു രാംദേവിനും സഹായി ബാലകൃഷ്ണനുമെതിരായ കേസിൽ സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസം കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഏത് തരത്തിലുള്ള ആരോഗ്യസേവനങ്ങൾ ലഭ്യമാക്കണമെന്നുള്ളത് വ്യക്തിയുടെ തിരഞ്ഞെടുപ്പാണ്. എന്നാൽ ഏതെങ്കിലും സംവിധാനത്തെ അപകീർത്തിപ്പെടുത്തുന്നത് നിരുത്സാഹപ്പെടുത്തണമെന്നും കേന്ദ്രം അറിയിച്ചു. പതഞ്ജലിക്കെതിരെ സുപ്രീം കോടതി രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ മറുപടി.
കൃത്യമായ സത്യവാങ് മൂലം സമർപ്പിക്കാത്ത പാശ്ചാത്തലത്തിലായിരുന്നു ഗുരു രാംദേവിനും സഹായി ബാലകൃഷ്ണനുമെതിരെ കോടതി വിമർശനം ഉന്നയിച്ചത്. കഴിഞ്ഞ മാസം പതഞ്ജലി സമർപ്പിച്ച മാപ്പപേക്ഷ സ്വീകരിക്കാൻ കോടതി വിസമ്മതിച്ചിരുന്നു. കോടതിയെ അനുനയിപ്പിക്കാൻ ഉദ്ദേശിച്ചല്ല അപേക്ഷ സമർപ്പിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി മാപ്പപേക്ഷ തള്ളിയത്. വിഷയത്തിൽ കേന്ദ്രത്തെയും സുപ്രീം കോടതി വിമർശിച്ചിരുന്നു. വിഷയത്തിൽ സർക്കാർ സ്വന്തം കണ്ണുകളടയ്ക്കാൻ തീരുമാനിച്ചത് എന്ത് കൊണ്ടാണെന്നായിരുന്നു കഴിഞ്ഞയാഴ്ച കോടതി ചോദിച്ചത്.