സമൂഹത്തിലെ കഠിനമായ യാഥാർത്ഥ്യങ്ങൾക്ക് നേരെ കോടതിക്ക് കണ്ണടയ്ക്കാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചൊവ്വാഴ്ച സുപ്രീം കോടതിയുടെ നിർണ്ണായക പ്രഖ്യാപനമുണ്ടായത്.
സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും തെരുവ് നായകളെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2025 നവംബറിൽ പുറപ്പെടുവിച്ച ഉത്തരവ് പരിഷ്കരിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. സമൂഹത്തിലെ കഠിനമായ യാഥാർത്ഥ്യങ്ങൾക്ക് നേരെ കോടതിക്ക് കണ്ണടയ്ക്കാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചൊവ്വാഴ്ച സുപ്രീം കോടതിയുടെ നിർണ്ണായക പ്രഖ്യാപനമുണ്ടായത്.
തങ്ങളുടെ മുൻ ഉത്തരവിനെ ന്യായീകരിച്ചുകൊണ്ട്, രാജ്യത്ത്കടുത്ത ജനസുരക്ഷാ ഭീഷണിയായി മാറിയിരിക്കുകയാണെന്ന് പരമോന്നത കോടതി നിരീക്ഷിച്ചു. പ്രത്യേകിച്ച് കുട്ടികളും പ്രായമായവരും ഇതിന്റെ വലിയ ഇരകളാകുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ചെറിയ കുട്ടികൾ കടിയേറ്റ് കീറിപ്പറിയുന്ന സാഹചര്യമുണ്ടായതായും പ്രായമായവർ ആക്രമിക്കപ്പെട്ടതായും വിദേശ വിനോദസഞ്ചാരികൾക്ക് വരെ തെരുവ് നായകളുടെ ആക്രമണം നേരിടേണ്ടി വന്നതായും ബെഞ്ച് ചൂണ്ടിക്കാണിച്ചു.2025 നവംബർ 7-ലെ തങ്ങളുടെ ചരിത്രപരമായ ഉത്തരവിൽ, വിദ്യാലയങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസ കാമ്പസുകൾ, സ്പോർട്സ് കോംപ്ലക്സുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ നിന്ന് തെരുവ് നായകളെ നീക്കം ചെയ്യാൻ സുപ്രീം കോടതി പ്രാദേശിക അധികാരികൾക്ക് നിർദ്ദേശം നൽകിയിരുന്നു.
വാക്സിനേഷനും വന്ധ്യംകരണത്തിനും ശേഷം ഈ നായകളെ വീണ്ടും അതേ പ്രദേശങ്ങളിലേക്ക് തുറന്നുവിടരുതെന്നും പകരം അവയെ ഇതിനായി നിശ്ചയിച്ചിട്ടുള്ള പ്രത്യേക ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നും കോടതി കർശനമായി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി, ജനത്തിരക്കേറിയ ഇത്തരം പൊതുസ്ഥാപനങ്ങളുടെ പരിസരങ്ങളിൽ ആനിമൽ ബർത്ത് കൺട്രോൾ (ABC) ചട്ടങ്ങളിലെ ‘ക്യാപ്ചർ-സ്റ്റെറിലൈസ്-വാക്സിനേറ്റ്-റിലീസ്’ (CSVR) മാതൃക നടപ്പാക്കുന്നത് കോടതി താല്കാലികമായി നിർത്തിവെക്കുകയും ചെയ്തു.
മാറ്റങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളി
തങ്ങളുടെ 2025-ലെ ഉത്തരവിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഒരു കൂട്ടം അപേക്ഷകൾ ചൊവ്വാഴ്ച കോടതി പൂർണ്ണമായി തള്ളി. പൊതുസ്ഥലങ്ങളിൽ നിന്ന് പിടികൂടുന്ന തെരുവ് നായകളെ യാതൊരു കാരണവശാലും വീണ്ടും തെരുവിലേക്ക് തുറന്നുവിടാൻ പാടില്ലെന്നും അവയെ ഷെൽട്ടറുകളിൽ തന്നെ പാർപ്പിക്കണമെന്നുമുള്ള മുൻ നിർദ്ദേശം കോടതി വീണ്ടും ആവർത്തിച്ചു.
അധികാരികളുടെ ഭാഗത്തുനിന്നും ഫലപ്രദമായ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിൽ, ഭൂമിയിൽ നിലവിൽ ദുർബല വിഭാഗങ്ങൾ സ്വന്തം നിലയിൽ ജീവൻ രക്ഷിക്കേണ്ടി വരുന്ന തരത്തിലുള്ള ഡാർവിനിയൻ സിദ്ധാന്തമാണ് (Darwinian principle of survival of the fittest) പ്രകൃതിയിൽ നടപ്പിലാകുന്നത് എന്ന് ബെഞ്ച് കുറിക്കൊണ്ടു.
കുട്ടികളെയും പ്രായമായവരെയും ഇത്തരം ഭീഷണികൾ നേരിടാൻ മാത്രമായി വിട്ടുകൊടുക്കാൻ കഴിയില്ലെന്നും ജനങ്ങളുടെ ജീവനും പൊതുസുരക്ഷയും ഉറപ്പാക്കാൻ സർക്കാരുകൾ ബാധ്യസ്ഥരാണെന്നും കോടതി ഓർമ്മിപ്പിച്ചു. തെരുവ് നായകളെ പൊതുസ്ഥലങ്ങളിൽ നിന്ന് ഷെൽട്ടറുകളിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പിൻവലിക്കാനോ അതിന്റെ വീര്യം കുറയ്ക്കാനോ ബെഞ്ച് തയ്യാറായില്ല.
ഭരണകൂടത്തിന് കാഴ്ചക്കാരായി നിൽക്കാനാകില്ല
ഏറ്റവും പ്രധാനമായി, ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ പരിധിയിൽ പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യവും ഉൾപ്പെടുന്നുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. പൊതുസ്ഥലങ്ങളിൽ കടിയേൽക്കുമെന്നോ ശാരീരിക ആക്രമണം ഉണ്ടാകുമെന്നോ ഉള്ള നിരന്തരമായ ഭയമില്ലാതെ എല്ലാ പൗരന്മാർക്കും സ്വതന്ത്രമായി സഞ്ചരിക്കാനും പൊതുവിടങ്ങൾ ഉപയോഗിക്കാനുമുള്ള അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
മനുഷ്യജീവന് ഭീഷണിയാകുന്ന ഇത്തരം തടയാൻ കഴിയുന്ന പ്രശ്നങ്ങൾ വർദ്ധിച്ചുവരുമ്പോൾ, അത് പരിഹരിക്കാൻ പ്രത്യേക നിയമസംവിധാനങ്ങൾ നിലവിലുണ്ടായിട്ടും ഭരണകൂടത്തിന് കേവലം ഒരു നിഷ്ക്രിയ കാഴ്ചക്കാരനായി തുടരാൻ കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. തെരുവ് നായകളുടെ ആക്രമണങ്ങളിൽ നിന്നും കടിയേൽക്കുന്നതിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട സംസ്ഥാന അധികാരികളെ മൂന്നംഗ ബെഞ്ച് കടുത്ത ഭാഷയിൽ വിമർശിച്ചു. തെരുവ് നായ ശല്യം ഇപ്പോൾ എയർപോർട്ടുകളും റസിഡൻഷ്യൽ ഏരിയകളും ഉൾപ്പെടെയുള്ള നിർണ്ണായക പൊതുസ്ഥലങ്ങളിലേക്ക് വരെ വ്യാപിച്ചിരിക്കുകയാണെന്ന് കോടതി പറഞ്ഞു.
രാജ്യത്ത് അടുത്തിടെയുണ്ടായ തെരുവ് നായ ആക്രമണങ്ങളുടെ വാർത്തകൾ ഉദ്ധരിച്ചുകൊണ്ട്, ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് കോടതി നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതിന്റെ തെളിവാണെന്ന് കോടതി വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ തുടർച്ചയായി ഉണ്ടാകുന്നത് തദ്ദേശ സ്ഥാപനങ്ങളുടെയും അധികാരികളുടെയും ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ സമീപനത്തെയാണ് കാണിക്കുന്നത്.
കോടതി നൽകിയ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ എന്തെങ്കിലും തരത്തിലുള്ള വീഴ്ചയോ അനാസ്ഥയോ ഉണ്ടായാൽ അതിന് ഉത്തരവാദികളായവർക്കെതിരെ കോടതി അലക്ഷ്യ നടപടികളും കർശന അച്ചടക്ക നടപടികളും സ്വീകരിക്കുമെന്ന് പരമോന്നത കോടതി ശക്തമായ മുന്നറിയിപ്പ് നൽകി.









