തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി; മമതയ്ക്ക് തിരിച്ചടി

സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെയും വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് തൃണമൂൽ കോൺഗ്രസ് കോടതിയെ സമീപിച്ചത്.

വോട്ടെണ്ണൽ നടക്കാനിരിക്കെ തൃണമൂൽ കോൺഗ്രസിന് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി. മെയ് നാലിന് നടക്കുന്ന വോട്ടെണ്ണലിൽ കേന്ദ്ര സർക്കാർ, പൊതുമേഖല സ്ഥാപന ജീവനക്കാരെ മാത്രം കൗണ്ടിംഗ് സൂപ്പർവൈസർമാരായും അസിസ്റ്റന്റുമാരായും നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ ഇടപെടാനാവില്ലെന്ന് കോടതി ശനിയാഴ്ച വ്യക്തമാക്കി.

സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെയും വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ചയാണ് തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാർ ജീവനക്കാരെ മാത്രം നിയമിക്കുന്നത് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സ്വാധീനത്തിന് വഴിവെക്കുമെന്നും, ഇത് വോട്ടെണ്ണലിലെ സുതാര്യതയെ ബാധിക്കുമെന്നും തൃണമൂൽ നൽകിയ ഹർജിയിൽ വാദിച്ചു.

അധികാരം തിരഞ്ഞെടുപ്പ് കമ്മീഷന്

എന്നാൽ, ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും അതിനാൽ ഈ സർക്കുലർ റദ്ദാക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സർക്കുലർ പൂർണ്ണമായും അക്ഷരാർത്ഥത്തിൽ നടപ്പിലാക്കുമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകന്റെ പ്രസ്താവന രേഖപ്പെടുത്തുന്നതിനപ്പുറം മറ്റു നിർദ്ദേശങ്ങൾ ആവശ്യമില്ലെന്നും കോടതി അറിയിച്ചു.

വിശദീകരണവുമായി കമ്മീഷൻ

ഏപ്രിൽ 13-ലെ സർക്കുലർ പ്രകാരമാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു. കൗണ്ടിംഗ് സൂപ്പർവൈസർ കേന്ദ്ര സർക്കാർ ജീവനക്കാരനാണെങ്കിൽ അസിസ്റ്റന്റ് സംസ്ഥാന സർക്കാർ ജീവനക്കാരനായിരിക്കും എന്ന രീതിയിലാണ് ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നതെന്നും കമ്മീഷൻ വ്യക്തമാക്കി.  ഇതുവഴി ഓരോ ടേബിളിലും കുറഞ്ഞത് ഒരു സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ടെന്നും കമ്മീഷൻ വിശദീകരിച്ചു.

കോടതി നിരീക്ഷണത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് തങ്ങളുടെ നിലപാട് മാറ്റുകയും തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വന്തം സർക്കാർ പ്രകാരം സംസ്ഥാന സർക്കാർ ജീവനക്കാരെ കൃത്യമായി നിയമിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

15 ബൂത്തുകളിൽ റീപോളിംഗ് പുരോഗമിക്കുന്നു

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (EVM) കൃത്രിമം നടന്നെന്ന പരാതികളെത്തുടർന്ന് പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലുള്ള 15 പോളിംഗ് സ്റ്റേഷനുകളിൽ റീപോളിംഗ് ആരംഭിച്ചു. ഡയമണ്ട് ഹാർബർ, മഗരാഹട്ട് പശ്ചിം എന്നീ മണ്ഡലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ ബൂത്തുകളിൽ രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. വോട്ടെടുപ്പിലെ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ടാണ് പുനർ വോട്ടെടുപ്പിന് ഉത്തരവിട്ടത്.

 

Top News from last week.

Latest News

More from this section