തൃശ്ശൂരിലെ വോട്ട് ക്രമക്കേട് ആരോപണം ശരിവെക്കുന്ന തെളിവുകള്‍ പുറത്തുവിട്ട് ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. സുരേഷ് ഗോപി എം പിയും കുടുംബവും വോട്ട് ചെയ്യാന്‍ മാത്രമായി തൃശ്ശൂരില്‍ താമസിച്ചു. 11 വോട്ടുകളാണ് സുരേഷ് ഗോപിയുടെ കുടുംബം ഭാരത് ഹെറിറ്റേജ് എന്ന വീട്ടുപേരില്‍ വോട്ട് ചേര്‍ത്തതെന്നും തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സ്ഥാനാര്‍ഥികൂടിയായിരുന്ന സുരേഷ് ഗോപി തന്നെ ക്രമക്കേടിന് നേതൃത്വം കൊടുത്തു എന്നുള്ളതാണ് തെളിവുകള്‍ ശരിവക്കുന്നത്.
സുരേഷ് ഗോപിയുടെയും ഭാര്യയുടെയും മക്കളുടെയും അനുജന്റെ വോട്ടും കുടുംബാംഗങ്ങളുടെ വോട്ടും താമസം ഇല്ലാതിരുന്നിട്ടും തൃശ്ശൂരില്‍ ചേര്‍ത്തു.116 എന്ന പോളിംഗ് സ്റ്റേഷനില്‍ വെച്ചാണ് സുരേഷ് ഗോപിയുടെ കുടുംബവും അനുജന്റെ കുടുംബവും വോട്ട് ചെയ്തത്. ഭാരത് ഹെറിറ്റേജ് വീട് ഇപ്പോള്‍ ബോംബെ കേന്ദ്രീകരിച്ചുള്ള വ്യക്തിയ്ക്ക് കൊടുത്തു. ഇതേ വീട്ടുനമ്പര്‍ പരിശോധിച്ചാല്‍ സുരേഷ് ഗോപിക്കോ കുടുംബാംഗങ്ങള്‍ക്കോ കോര്‍പ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ട് ഇല്ല. ഇത് തന്നെയാണ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയത്.








