35 സ്കീമുകളെ പിന്നിലാക്കി കുതിപ്പ്: മികച്ച എസ്.ഐ.പി റിട്ടേണുമായി എസ്.ബി.ഐയുടെ ഈ ഒറ്റയാൻ ഫണ്ട്


ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂച്വൽ ഫണ്ട് സ്ഥാപനമായ എസ്.ബി.ഐ മ്യൂച്വൽ ഫണ്ടിന്റെ നിരയിൽ നിന്ന് മികച്ച നിക്ഷേപ നേട്ടവുമായി ‘എസ്.ബി.ഐ ഹെൽത്ത് കെയർ ഓപ്പർച്യൂണിറ്റീസ് ഫണ്ട്’ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ 3, 5, 10 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 20 ശതമാനത്തിലേറെ എസ്.ഐ.പി റിട്ടേൺ നൽകി, ഈ വിഭാഗത്തിലെ മറ്റ് 35 ഫണ്ടുകളേക്കാൾ മികച്ച പ്രകടനമാണ് ഈ സ്കീം കാഴ്ചവെച്ചിരിക്കുന്നത്. എസ്.ഐ.പിക്ക് പുറമെ ഒറ്റത്തവണ നിക്ഷേപകർക്കും മികച്ച ലാഭമാണ് ഫണ്ട് നൽകിയത്.

വാല്യു റിസർച്ചിന്റെ ഡാറ്റ പ്രകാരം, മൂന്ന് വർഷത്തിൽ 22.58% , അഞ്ച് വർഷത്തിൽ 24.04%, പത്ത് വർഷത്തിൽ 20.97% എന്നിങ്ങനെയാണ് ഫണ്ടിന്റെ നേട്ടം. മൂന്ന് വ്യത്യസ്ത കാലയളവുകളിലും തുടർച്ചയായി 20 ശതമാനത്തിലധികം റിട്ടേൺ കൈവരിച്ച ഏക ആക്ടീവ് ഫാർമ/ഹെൽത്ത്‌കെയർ ഫണ്ടെന്ന റെക്കോർഡും ഈ സ്കീമിന് സ്വന്തമാണ്.
ഫാർമ സെക്ടറിൽ മാത്രമല്ല, എസ്.ബി.ഐയുടെ തന്നെ വിവിധ വിഭാഗങ്ങളിലുള്ള 36 ആക്ടീവ് സ്കീമുകളുമായി താരതമ്യം ചെയ്യുമ്പോഴും 3, 5, 10 വർഷങ്ങളിൽ ഏറ്റവും ഉയർന്ന എസ്.ഐ.പി റിട്ടേൺ നൽകിയ ഫണ്ട് ഇതാണ്. ലംപ്സം നിക്ഷേപത്തിലും ആദ്യ സ്ഥാനങ്ങളിൽ ഈ ഫണ്ട് ഇടംപിടിച്ചിട്ടുണ്ട്. 3 വർഷത്തെ ലംപ്സം നിക്ഷേപത്തിൽ 24.60% സി.എ.ജി.ആറോടെ ഒന്നാമതും, 5 വർഷത്തിൽ 18.84% നേട്ടത്തോടെ മൂന്നാമതും, 10 വർഷത്തിൽ 15.10% പ്രകടനത്തോടെ മുൻനിര ഫണ്ടുകളുടെ പട്ടികയിലുമാണ് ഈ സ്കീം.
എസ്.ഐ.പി നിക്ഷേപത്തിന്റെ വളർച്ച ഇങ്ങനെ:
3 വർഷം: പ്രതിമാസം 10,000 രൂപ വീതം നിക്ഷേപിച്ചവർക്ക് 22.58% നേട്ടത്തോടെ തുക ഏകദേശം 5 ലക്ഷം രൂപയായി വളർന്നു.
5 വർഷം: 24.04% റിട്ടേണോടെ നിക്ഷേപം 10.88 ലക്ഷം രൂപയായി ഉയർന്നു.
10 വർഷം: 20.97% ലാഭത്തോടെ ആകെ തുക 36.28 ലക്ഷം രൂപയായി മാറി.









