ഉത്തരേന്ത്യയില്‍ തിരിച്ചടിയെന്ന് റിപ്പോര്‍ട്ട് അമ്പരപ്പില്‍ ബിജെപി

ന്യൂഡല്‍ഹി: മൂന്നാം തവണയും അധികാരം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍. ഉത്തരേന്ത്യയിലെ സീറ്റുകള്‍ ഗണ്യമായി കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാജസ്ഥാനിലും ഹരിയാനയിലുമായി പത്തു സീറ്റുകള്‍ കുറഞ്ഞേക്കാമെന്നാണ് സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ സ്ഥിതിയും വ്യത്യസ്തമല്ലെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിയുന്നത് ഒഴിവാക്കാന്‍ പ്രധാനമന്ത്രിയെ ഓരോ മണ്ഡലത്തിലും എത്തിക്കാനാണ് ആലോചിക്കുന്നത്.

സിഎസ്ഡിഎസ് നടത്തിയ സര്‍വേ ഫലത്തില്‍ പങ്കെടുത്ത 79 ശതമാനം ആളുകളും മതേതര ഇന്ത്യ എന്ന ആശയത്തിനൊപ്പം നിന്നു. എല്ലാ പൊതു തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പും ശേഷവും സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റി നടത്തുന്ന സിഎസ്ഡിസി-ലോക്നീതി സര്‍വേകള്‍ രാജ്യത്തെ ഏറ്റവും ആധികാരികമായ ജനാഭിപ്രായ കണക്കുകളില്‍ ഒന്നാണ്.
ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് ജനങ്ങളുടെ മനസ്സില്‍ കാര്യമായ ഇടിവൊന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഇത്തവണത്തെ സര്‍വേ.

എല്ലാ മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും തുല്യ ഇടമുള്ള രാജ്യമായി ഇന്ത്യ തുടരണമെന്ന് 79 ശതമാനം ഇന്ത്യക്കാരും അഭിപ്രായപ്പെടുന്നു. ഇന്ത്യ ഹിന്ദുക്കള്‍ക്ക് മാത്രമല്ല, എല്ലാ മതങ്ങള്‍ക്കും തുല്യതായുള്ള രാജ്യമാണ് എന്നതിനെ 80 ശതമാനം ഹിന്ദു മത വിശ്വാസികളും പിന്തുണയ്ക്കുന്നു. ഇന്ത്യ ഹിന്ദുക്കളുടെ മാത്രം രാജ്യമെന്ന് സര്‍വേയില്‍ അഭിപ്രായപ്പെട്ടത് 10 ശതമാനം പേര്‍ മാത്രമാണ്.
രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ഞെട്ടിപ്പിക്കും വിധം ഇടിയുന്നു എന്നതാണ് സര്‍വേയിലെ ഒരു കണ്ടെത്തല്‍. 2019 ല്‍ 78 ശതമാനം ആളുകളും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പൂര്‍ണ്ണ വിശ്വാസം രേഖപെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ അത് 42 ശതമാനം ആയി ഇടിഞ്ഞു. 58 ശതമാനം ആളുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഏതെങ്കിലും തരത്തില്‍ അവിശ്വാസം രേഖപ്പെടുത്തി. വോട്ടിങ് യന്ത്രം കുറ്റമറ്റതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എത്രയൊക്കെ അവര്‍ത്തിച്ചിട്ടും ഒരു വലിയ വിഭാഗം അത് വിശ്വസിക്കുന്നില്ല എന്നതും സര്‍വേയിലെ കണ്ടെത്തലാണ്. ഭരണകക്ഷിക്ക് വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താനായേക്കുമെന്ന് 45 ശതമാനം പേര്‍ കരുതുന്നു.

അതേസമയം കൂടുതല്‍ പേരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്നത് നരേന്ദ്ര മോദിയെയാണ് 48 ശതമാനം. രാഹുല്‍ ഗാന്ധിയെ 27 ശതമാനം പേര്‍ പിന്തുണക്കുന്നു. മോദിയുടെ വാഗ്ദാനത്തെ 56 ശതമാനം പേര്‍ പിന്തുണക്കുന്നു. 49ശതമാനം പേര്‍ രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനങ്ങളും വിശ്വസിക്കുന്നുണ്ട്. 2019 ല്‍ 65 ശതമാനം പേര്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തരായിരുന്നെങ്കില്‍ ഇപ്പോഴത് 57ശതമാനമായി കുറഞ്ഞു. അതൃപ്തരുടെ എണ്ണം 30ശതമാനം ആയിരുന്നത് 39ശതമാനമായും വര്‍ധിച്ചു.

Top News from last week.

Latest News

More from this section