അതിജീവിത അത് കുറ്റകൃത്യമായി കാണുന്നില്ല; പോക്സോ കേസിൽ ശിക്ഷ ഒഴിവാക്കി സുപ്രീം കോടതി

ന്യൂഡൽഹി: പോക്‌സോ കേസിൽ അസാധാരണ ഉത്തരവുമായി സുപ്രീം കോടതി. കേസിൽ പ്രതിചേർക്കപ്പെടുകയും പിന്നീട് ആ കേസിലെ അതിജീവിതയെ വിവാഹം ചെയ്യുകയും ചെയ്ത യുവാവിന്റെ ശിക്ഷ നടപ്പിലാക്കുന്നതു സുപ്രീം കോടതി തടഞ്ഞു. പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു പോക്‌സോ കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ ഇടപെടൽ ഉണ്ടായത്.
പ്രതിയെ അതിജീവിത വിവാഹം കഴിച്ചു കുടുംബമായി കഴിയുന്നത് കണക്കിലെടുത്താണ് ശിക്ഷ ഒഴിവാക്കിയത്. പ്രതിയോട് ഇപ്പോൾ അതിജീവിതയ്ക്ക് വൈകാരികമായ ബന്ധമാണ്. പ്രതിയുടേത് കുറ്റകൃത്യം ആണെങ്കിലും അതിജീവിത അതിനെ ഇപ്പോൾ അങ്ങനെ കാണുന്നില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നീണ്ടുനിന്ന നിയമനടപടികൾ ആണ് കുറ്റകൃത്യത്തേക്കാൾ അതിജീവിതയെ ബാധിച്ചതെന്ന് കോടതി നിരീക്ഷിച്ചു. കുറ്റകൃത്യം നടന്നപ്പോൾ തന്നെ അതിന്റെ വ്യാപ്തിയും മനസിലാക്കി കൊടുക്കാൻ നിയമ സംവിധാനത്തിന് കഴിഞ്ഞില്ലെന്നും സുപ്രീം കോടതി വിമർശിച്ചു.
പ്രണയത്തിലായിരുന്ന കൗമാരക്കാരിയുമായി ലൈംഗിക ബന്ധം ഉണ്ടായ സാഹചര്യത്തിലാണ് 24 കാരന് എതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ വിചാരണ കോടതി യുവാവിനെ ഇരുപത് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇതിനിടയിൽ അതിജീവിതയ്ക്ക് പ്രായപൂർത്തിയായപ്പോൾ ശിക്ഷിക്കപ്പെട്ട യുവാവ് ആ യുവതിയെ വിവാഹം കഴിച്ചു. ഇതിനിടെ കൊൽക്കത്ത ഹൈക്കോടതി യുവാവിന്റെ ശിക്ഷ റദ്ദാക്കി. കൗമാരപ്രായക്കാരായ പെൺകുട്ടികൾ തങ്ങളുടെ ലൈംഗിക തൃഷ്ണ നിയന്ത്രിക്കണമെന്ന വിവാദ പരാമർശവും കൊൽക്കത്ത ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിൽ ഉണ്ടായിരുന്നു. തുടർന്ന് സ്വമേധയാ എടുത്ത കേസിലാണ് സുപ്രീം കോടതി കൊൽക്കത്ത ഹൈക്കോടതിയുടെ വിധി റദ്ദാക്കുകയും പ്രതി കുറ്റക്കാരനാണെണെന്ന വിധി പുനഃസ്ഥാപിക്കുകയും ചെയ്തത്. എന്നാൽ ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് അതി ജീവിതയുടെ ഭാഗം കേൾക്കുന്നതിന് ഒരു വസ്തുതാ പരിശോധന സംഘത്തെ രൂപീകരിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബംഗാൾ സർക്കാർ രൂപീകരിച്ച മൂന്ന് അംഗ സമിതി അതിജീവിതയുടെ നിലപാട് കേട്ടിരുന്നു. സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് ശിക്ഷ നടപ്പാക്കേണ്ട എന്ന് സുപ്രീം കോടതി വിധിച്ചത്. ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

Top News from last week.

Latest News

More from this section