കണ്ണൂർ: സംസ്ഥാനത്ത് ആദ്യമായി മണ്ണിടിച്ചിൽ സാധ്യത മുൻകൂട്ടി കണ്ടെത്തി മുന്നറിയിപ്പ് നൽകുന്ന ആധുനിക സംവിധാനം കണ്ണൂർ കണിച്ചാർ ഗ്രാമപഞ്ചായത്തിലെ മാടശ്ശേരി മലയിൽ ഒരുങ്ങുന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ഐ.ഐ.ടി റൂർക്കി, കെ-ഡിസ്ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ രണ്ട് കോടി രൂപയോളം ചെലവിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. 2022-ൽ മുപ്പത്തിനാലോളം മണ്ണിടിച്ചിലുകൾ ഉണ്ടായ പ്രദേശമാണ് കണിച്ചാർ.
മണ്ണിന്റെ ഘടന, മഴയുടെ അളവ്, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ എന്നിവ ശേഖരിച്ച് വിശകലനം ചെയ്താണ് ഈ സംവിധാനം മുന്നറിയിപ്പ് നൽകുക.
പദ്ധതിയുടെ ആദ്യഘട്ടമായി സ്വകാര്യ ഗവേഷണ കമ്പനിയായ ഓഗ്സെൻസ് ലാബിന്റെ നേതൃത്വത്തിൽ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം ഇവിടെ നിലവിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ ഇപ്പോൾ കാലാവസ്ഥാ പ്രവചനത്തിനുള്ള വിവരങ്ങൾ ശേഖരിക്കുന്നുമുണ്ട്. അടുത്ത ഘട്ടമായി മലയുടെ മുകളിൽ നിന്നും താഴോട്ട് എട്ട് പോയിന്റുകളിലായി 15 മുതൽ 20 മീറ്റർ വരെ ആഴത്തിൽ സെൻസറുകൾ സ്ഥാപിക്കുന്ന ജോലികളാണ് ഇനി നടക്കാനുള്ളത്. ഐ.ഐ.ടി റൂർക്കിയുടെ നേതൃത്വത്തിലാണ് സെൻസറുകൾ സ്ഥാപിക്കുക.
സെൻസറുകൾ കൂടി പ്രവർത്തനസജ്ജമാകുന്നതോടെ ഏകീകൃത പോർട്ടൽ വഴി മഴ വിവരങ്ങളും മണ്ണിടിച്ചിൽ മുന്നറിയിപ്പും ശാസ്ത്രീയമായി ലഭ്യമാകും. മാടശ്ശേരി മലയിലെ ഈ സംവിധാനം വഴി സമാനമായ മൺഘടനയുള്ള തൊട്ടടുത്ത പ്രദേശങ്ങളിലെ അപകടസാധ്യതയും പ്രവചിക്കാൻ സാധിക്കും. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതി വിജയിച്ചാൽ വയനാട് ഉൾപ്പെടെ കേരളത്തിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള മറ്റ് പ്രദേശങ്ങളിലേക്കും ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.








