മേലെ ചൊവ്വ മേൽപ്പാല നിർമ്മാണ സ്ഥലം ടി.ഒ. മോഹനൻ എം.എൽ.എ സന്ദർശിച്ചു; ജനങ്ങളുടെ ആശങ്കകൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും

കണ്ണൂർ:മേലെ ചൊവ്വ മേൽപ്പാല പദ്ധതിയുടെ നിർമ്മാണ സ്ഥലം ടി.ഒ. മോഹനൻ എം.എൽ.എ സന്ദർശിച്ചു. പദ്ധതി പ്രദേശത്തെ വ്യാപാരികളുമായും നാട്ടുകാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. നിലവിലെ നിർമ്മാണ പ്രവർത്തനങ്ങൾ മൂലം തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും, പദ്ധതിയുടെ അശാസ്ത്രീയമായ രൂപകൽപ്പന കാരണം ഭാവിയിലുണ്ടാകാൻ ഇടയുള്ള അപ്രായോഗികതകളും നാട്ടുകാർ എം.എൽ.എയെ വിശദമായി ധരിപ്പിച്ചു. വികസനത്തിന്റെ പേരിൽ ജനങ്ങൾ വലിയ തോതിൽ ദ്രോഹിക്കപ്പെടുന്നുണ്ടെന്ന ആശങ്കയാണ് പ്രദേശവാസികൾ പ്രധാനമായും പങ്കുവെച്ചത്.
വിഷയത്തിൽ അടിയന്തരമായി ഇടപെടാമെന്ന് ഉറപ്പുനൽകിയ ടി.ഒ. മോഹനൻ എം.എൽ.എ, ജനങ്ങൾക്ക് ഗുണകരമായ രീതിയിലാണ് വികസന പദ്ധതികളെങ്കിൽ അവയ്ക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും അറിയിച്ചു. എന്നാൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും അവർക്ക് ഒട്ടും ഉപകാരപ്രദമാകാത്തതുമായ പദ്ധതികളാണെങ്കിൽ അവ പുനഃപരിശോധിക്കുന്നതിന് ജനപ്രതിനിധി എന്ന നിലയിൽ മുൻകൈയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാട്ടുകാർ ഉന്നയിച്ച ആശങ്കകളെല്ലാം മന്ത്രി വിളിച്ചുചേർക്കുന്ന ഉന്നതതല യോഗത്തിൽ ഉന്നയിക്കുമെന്നും, പദ്ധതിയുടെ കാര്യത്തിൽ പുനഃപരിശോധന ആവശ്യമാണെങ്കിൽ അക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
എം.എൽ.എയോടൊപ്പം മേയർ അഡ്വ. പി. ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റീജിൽ മാക്കുറ്റി, പി. മാധവൻ മാസ്റ്റർ, ലക്ഷ്മണൻ തുണ്ടിക്കോത്ത്, രാഹുൽ കായക്കൽ, ഗിരീശൻ നാമത്ത്, ഒ.സി. മനോമോഹനൻ, അജിത്, മോഹനൻ തുടങ്ങിയ പ്രമുഖരും സ്ഥലസന്ദർശന വേളയിൽ ഒപ്പമുണ്ടായിരുന്നു.

Top News from last week.