തിരുവനന്തപുരം:മിഷൻ സമുദ്ര പദ്ധതിയുമായി ബന്ധപ്പെട്ട ടാറ്റ നിക്ഷേപ വിവാദത്തിൽ വിശദീകരണക്കുറിപ്പുമായി സംസ്ഥാന സർക്കാർ രംഗത്ത്. മുഖ്യമന്ത്രി വി.ഡി. സതീശൻ അഭിമുഖത്തിൽ പരാമർശിച്ച 10,000 കോടി രൂപയുടെ നിക്ഷേപ സാധ്യത മിഷൻ സമുദ്രയുടെ ഭാഗമായി സംസ്ഥാനം ലക്ഷ്യമിടുന്ന ആകെ തുകയാണെന്നും, അല്ലാതെ ടാറ്റയുമായി മാത്രം ഇത്രയും തുകയുടെ ഏക നിക്ഷേപ കരാർ അന്തിമമായി ഉറപ്പിച്ചിട്ടില്ലെന്നും സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. കേരളത്തെ പ്രമുഖ സമുദ്ര വ്യവസായ കേന്ദ്രമാക്കാനുള്ള സർക്കാരിന്റെ കാഴ്ചപ്പാടാണ് മുഖ്യമന്ത്രി പങ്കുവെച്ചത്.
അതേസമയം, കേരളത്തിൽ കപ്പൽ നിർമ്മാണ ശാലയ്ക്കായി നിക്ഷേപം നടത്തുന്നതിനെപ്പറ്റി തങ്ങൾക്കറിയില്ലെന്ന് ടാറ്റ ഗ്രൂപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. 10,000 കോടിയുടെ നിക്ഷേപത്തിന് സന്നദ്ധത അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ അമ്പരപ്പുണ്ടെന്നുമാണ് ടാറ്റാ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് വാർത്ത പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ്, വരും വർഷങ്ങളിൽ വിവിധ നിക്ഷേപകരിലൂടെ പ്രതീക്ഷിക്കുന്ന ആകെ തുകയാണ് മുഖ്യമന്ത്രി സൂചിപ്പിച്ചതെന്ന വിശദീകരണവുമായി സർക്കാർ എത്തിയത്.








