ചൈനീസ് പ്ലാറ്റ്‌ഫോമിൽ ടാറ്റയുടെ കളി! പുത്തൻ പ്രീമിയം ഇലക്ട്രിക് കാർ അടുത്ത വർഷമെത്തും

ടാറ്റ മോട്ടോഴ്‌സിന് 2026 ഇതുവരെ മികച്ച മുന്നേറ്റങ്ങളുടെ വർഷമാണ്. ഈ വർഷത്തിന്റെ തുടക്കത്തിൽ കമ്പനി തങ്ങളുടെ ‘സിയറ’ എസ്‌യുവി അവതരിപ്പിച്ചു, അതിന് പിന്നാലെ പഞ്ച് ഫേസ്‌ലിഫ്റ്റ്, പഞ്ച് ഇവി ഫേസ്‌ലിഫ്റ്റ്, ടിയാഗോ ഫേസ്‌ലിഫ്റ്റ്, ടിയാഗോ ഇവി ഫേസ്‌ലിഫ്റ്റ് എന്നിവയും വിപണിയിലെത്തിച്ചു. പുതിയ കാറുകൾ പുറത്തിറക്കുന്ന ഈ ട്രെൻഡ് ടാറ്റ തുടർന്നും നിലനിർത്തുമെന്നാണ് നിലവിലെ വാർത്തകൾ സൂചിപ്പിക്കുന്നത്.

ഈ വർഷം  തന്നെ ടാറ്റ തങ്ങളുടെ ‘അവിന്യ’ (Avinya) ശ്രേണിയിലുള്ള കാറുകളും പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റ മോട്ടോഴ്‌സിന്റെ പ്രീമിയം ഇലക്ട്രിക് വാഹന ശ്രേണിയായിരിക്കും അവിന്യ. ‘അവിന്യ എക്‌സ്’ കൂപ്പെ എസ്‌യുവി വിപണിയിലെത്തിച്ച് കൊണ്ട് ഈ ശ്രേണിക്ക് തുടക്കം കുറിക്കാനാണ് ടാറ്റയുടെ ലക്ഷ്യം. നിലവിൽ, ടാറ്റ മോട്ടോഴ്‌സിന്റെ ഈ പ്രീമിയം ഇവി ബ്രാൻഡിനെ കുറിച്ച് പുതിയ ചില വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

ഈ ശ്രേണിയിലെ കാറുകൾക്കായി കമ്പനി ചെറി-ജിഎൽആർ സംയുക്ത സംരംഭത്തിൽ നിന്നുള്ള പ്ലാറ്റ്‌ഫോം ഉപയോഗിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻപ്, അവിന്യ കാറുകൾ ജെഎൽആറിന്റെ ഇഎംഎ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും നിർമ്മിക്കുകയെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ, ജെഎൽആർ-ചെറി സംയുക്ത സംരംഭത്തിന്റെ ഭാഗമായ ‘ഫ്രീലാൻഡർ’ ബ്രാൻഡിന്റെ പ്ലാറ്റ്‌ഫോം കമ്പനി ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കമ്പനി ഈ കാറിനെ P2 എന്ന കോഡ് നാമത്തിലാണ് ആന്തരികമായി വിളിക്കുന്നത്.

ആഗോള പ്രതിസന്ധിയിലും കുലുങ്ങാതെ ഇന്ത്യൻ കാർ വിപണി; മെയ് മാസത്തിൽ വിറ്റഴിച്ചത് 4.4 ലക്ഷം കാറുകൾ

ടാറ്റ അവന്യ എക്സിന്റെ പ്രൊഡക്ഷൻ പതിപ്പ് ഇപ്പോൾ ചെറിയുടെ പ്രീമിയം EOX പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്. 800 വോൾട്ട് ആർക്കിടെക്ചറുകളും 350 കിലോവാട്ട് വരെയുള്ള ഡിസി ഫാസ്റ്റ് ചാർജിംഗും പിന്തുണക്കുന്ന ഒരു മോഡുലാർ പ്ലാറ്റ്‌ഫോമാണിത്. അവിന്യ യഥാർത്ഥത്തിൽ ജെഎൽആറിന്റെ ഇഎംഎ പ്ലാറ്റ്‌ഫോമിൽ നിർമിക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും, ചെറി പ്ലാറ്റ്‌ഫോമിന്റെ വരവോടെയാണ് ഈ നീക്കം തൽക്കാലം മാറ്റിവെച്ചത്. നിർമാണ സമയവും ചിലവും കുറച്ച് വിപണിയിൽ മികച്ച മത്സരക്ഷമത ഉറപ്പാക്കുന്നതിനാണ് കമ്പനിയുടെ ഈ തീരുമാനം.

ഇന്ത്യൻ വിപണിക്ക് അനുയോജ്യമായ മാറ്റങ്ങൾ

ഈ പ്ലാറ്റ്‌ഫോം ഇന്ത്യൻ സാഹചര്യങ്ങൾക്ക് പൊരുത്തപ്പെടുത്തുന്ന രീതിയിൽ മാറ്റിയെടുക്കാനുള്ള പ്രവർത്തനങ്ങളിലാണ് കമ്പനി ഇപ്പോൾ. ഈ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ വാഹനം അവിന്യ എക്‌സ് കൂപ്പെ എസ്‌യുവി ആയിരിക്കും. ഇതിന് പിന്നാലെ മൂന്നു നിര സീറ്റുകളുള്ള മറ്റൊരു ഇലക്ട്രിക് എസ്‌യുവിയും കമ്പനി പുറത്തിറക്കും. ഈ ബ്രാൻഡിന് കീഴിലുള്ള ആദ്യ കാർ അടുത്ത വർഷം ആദ്യം അല്ലെങ്കിൽ പകുതിയോടെ പുറത്തിറങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ പ്ലാറ്റ്‌ഫോമിൽ വരുന്ന മോഡലുകൾക്ക് 65kWh, 80kWh ബാറ്ററികൾ ഉണ്ടായേക്കാം. ജെഎസ്ഡബ്ല്യു ഗ്രൂപ്പും ഇന്ത്യയിൽ ചില ചെറി കാറുകൾ റീബ്രാൻഡ് ചെയ്ത് എത്തിക്കുന്നുണ്ട്.

Top News from last week.