ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കണ്ണൂരിലെ പത്തുവയസ്സുകാരൻ ദേവജ് ; ഒരു മിനിറ്റിൽ പറഞ്ഞത് 114 രാജ്യങ്ങളുടെ പേര്

കണ്ണൂർ: നിമിഷനേരം കൊണ്ട് ലോകഭൂപടം മനസ്സിലാക്കി അത്ഭുത നേട്ടം കൈവരിച്ചിരിക്കുകയാണ് കണ്ണൂർ വാരം സ്വദേശിയായ പത്തുവയസ്സുകാരൻ ദേവജ്. വെറും ഒരു മിനിറ്റിനുള്ളിൽ 114 ലോകരാജ്യങ്ങളുടെ പേരുകൾ കൃത്യമായ അക്ഷരമാലാക്രമത്തിൽ (Alphabetical Order) പറഞ്ഞുതീർത്താണ് ഈ കൊച്ചുമിടുക്കൻ ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് 2026’-ൽ ഇടംനേടിയത്.
കണ്ണൂർ തളാപ്പ് മിക്സഡ് യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ദേവജ് പഠനത്തിലും ഏറെ മുന്നിലാണ്. ഒന്നാം ക്ലാസ് മുതൽ ക്ലാസ് ലീഡറായി തിളങ്ങുന്ന ദേവജിന്റെ കഴിവിനെ കൃത്യമായി വഴിതിരിച്ചുവിട്ടത് മാതാപിതാക്കളാണ്. യൂട്യൂബിൽ നിന്ന് ലഭിച്ച പ്രചോദനമുൾക്കൊണ്ട്, മകനെ എന്തുകൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന് വേണ്ടി പരിശീലിപ്പിച്ചുകൂടാ എന്ന മാതാപിതാക്കളുടെ ചിന്തയാണ് ഈ വലിയ വിജയത്തിന് പിന്നിൽ.
വെറും ഒന്നരമാസത്തെ തീവ്രമായ പരിശീലനം കൊണ്ടാണ് ദേവജ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. കണ്ണൂർ ടൗൺ പോലീസ് ഉദ്യോഗസ്ഥനായ അജീഷ് എം.എമ്മിന്റെയും, ചട്ടുകപ്പാറ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയായ റീജ ഇ.വിയുടെയും മകനാണ് ദേവജ്. കഠിനാധ്വാനവും ഏകാഗ്രതയും ഉണ്ടെങ്കിൽ ഏത് ലക്ഷ്യവും കൈപ്പിടിയിലൊതുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കൊച്ചു മിടുക്കൻ. സ്കൂളിനും നാടിനാകെയും അഭിമാനമായി മാറിയ ദേവജിനെ തേടി നിരവധി അഭിനന്ദനങ്ങളാണ് ഇപ്പോൾ എത്തുന്നത്.

Top News from last week.