ആ വമ്പനും വീണു, ഓൾ ടൈം റെക്കോർഡുമായി കല്യാണി പ്രിയദർശൻ

ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ‘ലോക – ചാപ്റ്റർ വൺ:ചന്ദ്ര’ക്ക് ബുക്ക് മൈ ഷോയിലും ഓൾ ടൈം റെക്കോർഡ്. ഒരു മലയാള സിനിമയ്ക്ക് ബുക്ക് മൈ ഷോ വഴി ലഭിച്ച ഏറ്റവും ഉയർന്ന ടിക്കറ്റ് വിൽപന ആണ് ‘ലോക’ സ്വന്തമാക്കിയത്. 4.52 മില്യൺ ടിക്കറ്റുകൾ ആണ് ഈ ചിത്രത്തിന്റെതായി 18 ദിവസങ്ങൾ കൊണ്ട് ബുക്ക് മൈ ഷോ ആപ്പ് വഴി വിറ്റഴിഞ്ഞത്. 4.51 മില്യൺ ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി വിറ്റ മോഹൻലാലിന്റെ ‘തുടരും’ എന്ന ചിത്രത്തിന്റെ റെക്കോർഡ് മറികടന്നാണ് ‘ലോക’ ഈ നേട്ടം സ്വന്തമാക്കിയത്.

ബോക്‌സ് ഓഫീസിൽ ജൈത്രയാത്ര തുടരുന്നു ചിത്രം 250 കോടി ആഗോള കലക്ഷനിലേക്കാണ് കുതിക്കുന്നത്. റിലീസ് ചെയ്ത് 19 ദിവസം കൊണ്ടാണ് ഈ നേട്ടം ‘ലോക’ സ്വന്തമാക്കുന്നത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ ആണ് നേടുന്നത്. കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്.

പാൻ ഇന്ത്യ തലത്തിലാണ് ചിത്രം വമ്പൻ വിജയം നേടുന്നത്. കേരളത്തിന് പുറത്തും വിജയം തുടരുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും ഗംഭീര ബുക്കിങ്ങും ബോക്‌സ് ഓഫീസ് കലക്ഷനുമാണ് നേടുന്നത്. ബിഗ് ബജറ്റ് ഫാന്റസി ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ ദുൽഖർ, ടോവിനോ തുടങ്ങി അതിഥി താരങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട്. 5 ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണിത്. കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രം ഒരത്ഭുത ലോകമാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിൽ ചിത്രം വമ്പൻ റിലീസായി എത്തിച്ചത് വേഫെറർ ഫിലിംസ് ആണ്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്.

Top News from last week.

Latest News

More from this section