പതിനൊന്നാമത് ആയുർവേദ ദിനാചരണം ഉദ്ഘാടനം ചെയ്തു.


പതിനൊന്നാമത് ആയുർവേദ ദിനാചരണം ഉദ്ഘാടനം ചെയ്തു.


കണ്ണൂർ: “ആരോഗ്യകരമായ നാളേയ്ക്കായ് ആയുർവേദം” എന്ന സന്ദേശവുമായി സംഘടിപ്പിച്ച 11-ാമത് ആയുർവേദ ദിനാചരണത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ചേംബർ ഓഫ് കൊമേഴ്‌സ് ഹാളിൽ കെ. സുധാകരൻ എം.പി. നിർവഹിച്ചു.
ആയുർവേദ ചികിത്സയ്ക്ക് ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ടെന്നും ആയുർവേദ ചികിത്സയിലൂടെയാണ് താൻ തന്റെ ആരോഗ്യം നിലനിർത്തുന്നതെന്നും കെ. സുധാകരൻ എം.പി. ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. രോഗം വന്നശേഷമുള്ള ചികിത്സയ്ക്കൊപ്പം രോഗപ്രതിരോധത്തിനും ആരോഗ്യസംരക്ഷണത്തിനും ആരോഗ്യകരമായ ജീവിതശൈലി വളർത്തുന്നതിനും ആയുർവേദത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആയുർവേദത്തിന്റെ പാരമ്പര്യ അറിവിനൊപ്പം ശാസ്ത്രീയ ഗവേഷണത്തിനും തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചികിത്സാ രീതികൾക്കും കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോഗ്യകരമായ സമൂഹത്തെ സൃഷ്ടിക്കുന്നതിൽ ആയുർവേദത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും എം.പി. പറഞ്ഞു.
അഡ്വ. ടി. ഒ. മോഹനൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. മേയർ അഡ്വ. പി. ഇന്ദിര ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് “സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധവും പരിപാലനവും: ഒരു ബഹുമേഖലാ സമീപനം” എന്ന വിഷയത്തിൽ ഡോ. അനീറ്റ കെ. ജോസിയും “ഭക്ഷണം ഔഷധമായി: ആയുർവേദവും ആധുനിക ശാസ്ത്രവും തമ്മിലുള്ള തെളിവ് അധിഷ്ഠിത സംയോജനം” എന്ന വിഷയത്തിൽ ഡോ. സജിത ഭദ്രനും ക്ലാസുകൾ നയിച്ചു. ഡി എം ഒ ( ഐ എസ് എം ) ഡോ. ദീപ്തി ഡി.സി ആയുർവേദ ദിന സന്ദേശം നൽകി. ഡപ്യൂട്ടിമേയർ കെ.പി താഹിർ, പരിയാരം ഗവൺമെൻ്റ് ആയുർവേദ കോളേജ് പ്രിൻസിപ്പൽ
ഡോ. പി. അജിതകുമാരി, എം.സഞ്ജയൻ, ഡോ. ജഷി ദിനകരൻ,ഡോ. അനൂപ്ഭാസ്കർ, ഡോ. സജിന എൻ എ വി ,സ്മിത.കെ.വി, ബിജു മാതോടൻ, ഡോ. അന്ത്രു എന്നിവർ പ്രസംഗിച്ചു. ഡി പി എം നാഷണൽ ആയുഷ് മിഷൻ ഡോ. പി .പി ഹരീഷ്കൃഷ്ണൻ സ്വാഗതവും കൺവീനർ ഡോ. സജി വർഗീസ് നന്ദിയും പറഞ്ഞു.
കേരളംസർക്കാർ, നാഷണൽ ആയുഷ് മിഷൻ കേരളം, ഭാരതീയ ചികിത്സാവകുപ്പ്, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ജില്ലാതല പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി ആയുഷ്കൾച്ചറൽ ഫെസ്റ്റും അരങ്ങേറി.








