ന്യൂഡൽഹി: ഐപിഎൽ പത്തൊൻപതാം സീസണിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ ടീം വിടുമെന്ന വാർത്തകൾ ശക്തമാകുന്നു. ഹാർദിക്കിനെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിംഗ്സിന് പുറമെ ഡൽഹി ക്യാപിറ്റൽസും ശ്രമങ്ങൾ ആരംഭിച്ചു.
ചെന്നൈ നൽകിയ ഓഫറുകളിൽ മുംബൈ തൃപ്തരല്ലാത്തതാണ് ഡൽഹിക്ക് വഴി തുറന്നത്. ഡെവാൾഡ് ബ്രെവിസിനെ നൽകി ഹാർദിക്കിനെ വാങ്ങാനായിരുന്നു ചെന്നൈയുടെ നീക്കം. എന്നാൽ പണത്തിന് പുറമെ ശിവം ദുബെ, ആയുഷ് മാത്രേ എന്നിവരെക്കൂടി മുംബൈ ആവശ്യപ്പെട്ടതോടെ ഈ ചർച്ചകൾ വഴിമുട്ടി.
ഇതോടെയാണ് അക്സർ പട്ടേൽ, പൃഥ്വി ഷാ എന്നിവരെ പകരം നൽകി ഹാർദിക്കിനെ സ്വന്തമാക്കാൻ ഡൽഹി നീക്കം തുടങ്ങിയത്.
ടീമിൽ നിന്ന് പോയ ക്രുനാൽ പാണ്ഡ്യക്ക് പകരം അക്സറിനെ ലഭിക്കുന്നത് മുംബൈക്കും അനുകൂലമാണ്. രണ്ടുപേരുടെയും പ്രതിഫലത്തുകയിൽ വലിയ വ്യത്യാസമില്ലാത്തതിനാൽ (അക്സർ – 16.50 കോടി, ഹാർദിക് – 16.35 കോടി) ഈ കൈമാറ്റം എളുപ്പമായേക്കും. എങ്കിലും, പൃഥ്വി ഷായ്ക്ക് പകരം സമീർ റിസ്വിയെ വേണമെന്ന ആവശ്യം മുംബൈ മുന്നോട്ടുവെച്ചേക്കാം.ആദ്യ കിരീടം ലക്ഷ്യമിട്ട് ടീം പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡൽഹിയുടെ ഈ നീക്കം. ഇതിന്റെ ആദ്യപടിയായി കുൽദീപ് യാദവിനെ നൽകി ലക്നൗവിൽ നിന്ന് റിഷഭ് പന്തിനെ ഡൽഹി മുൻപ് തിരിച്ചെത്തിച്ചിരുന്നു.








