ഉദ്യം (Udyam) പോർട്ടലിലെ രജിസ്ട്രേഷനുകളുടെ എണ്ണം മാത്രം ഉയർത്തിക്കാട്ടി രാജ്യത്ത് വനിതാ സംരംഭകത്വം ശക്തിപ്പെട്ടുവെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുമ്പോൾ, ആ സംരംഭങ്ങളുടെ നിലനിൽപ്പും വിജയവും ഉറപ്പാക്കുന്നതിൽ ഗുരുതരമായ നയപരാജയമാണ് സംഭവിക്കുന്നതെന്ന് കേന്ദ്ര സർക്കാരിന്റെ തന്നെ കണക്കുകൾ വ്യക്തമാക്കുന്നതായി ഡോ. വി. ശിവദാസൻ എം.പി. പറഞ്ഞു. രാജ്യസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സഹമന്ത്രി ശോഭ കരന്ത്ലജെ നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
കേന്ദ്ര സർക്കാർ നൽകിയ മറുപടി പ്രകാരം, ഉദ്യം , ഉദ്യം അസിസ്റ്റ് പ്ലാറ്റ്ഫോമുകളിലായി 2025–26-ൽ 9.10 കോടി വനിതാ സംരംഭങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ 2021 മുതൽ നടപ്പിലാക്കിയ ഒറ്റത്തവണ രജിസ്ട്രേഷൻ സംവിധാനമായ ഉദ്യം പോർട്ടലിലെ രജിസ്ട്രേഷൻ കണക്കുകൾ മാത്രം അടിസ്ഥാനമാക്കി വനിതാ സംരംഭകത്വത്തിന്റെ യഥാർത്ഥ വളർച്ച വിലയിരുത്താനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എത്ര സംരംഭങ്ങൾ ഇന്നും പ്രവർത്തിക്കുന്നു? എത്ര എണ്ണം ലാഭത്തിലാണ്? എത്ര എണ്ണം സാമ്പത്തിക പ്രതിസന്ധിയിലാണ്? എത്ര എണ്ണം അടച്ചുപൂട്ടലിന്റെ വക്കിലാണ്? എന്നിങ്ങനെയുള്ള അടിസ്ഥാന വിവരങ്ങളൊന്നും സർക്കാരിന്റെ കൈവശമില്ലെന്നും മറുപടിയിൽ വ്യക്തമാകുന്നു.
അതേസമയം, സർക്കാർ തന്നെ നൽകിയ കണക്കുകൾ ആശങ്കാജനകമായ മറ്റൊരു യാഥാർത്ഥ്യവും വെളിപ്പെടുത്തുന്നു. നിർമ്മാണ മേഖലയിലെ വനിതകളുടെ ഉടമസ്ഥതയിലുള്ള എം.എസ്.എം.ഇ.കളിൽ അടച്ചുപൂട്ടപ്പെട്ട സ്ഥാപനങ്ങളുടെ എണ്ണം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കുത്തനെ ഉയർന്നു.
2021–22 : 361
2022–23 : 786
2023–24 : 1,192
2024–25 : 2,286
2025–26 : 3,884
അതായത്, അഞ്ച് വർഷത്തിനിടെ അടച്ചുപൂട്ടിയ വനിതാ നിർമ്മാണ എം.എസ്.എം.ഇ.കളുടെ എണ്ണം 361-ൽ നിന്ന് 3,884 ആയി ഉയർന്നു. ഇത് ഏകദേശം 976 ശതമാനം (പത്തിരട്ടിയിലേറെ) വർധനയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉദ്യം പോർട്ടലിൽ മാത്രം 8,500-ലധികം വനിതാ നിർമ്മാണ എം.എസ്.എം.ഇ.കൾ പ്രവർത്തനം അവസാനിപ്പിച്ചതായും സർക്കാർ കണക്കുകൾ വെളിപ്പെടുത്തുന്നു.
ഇത് ഔദ്യോഗികമായി രേഖപ്പെടുത്തിയ കണക്കുകൾ മാത്രമാണെന്നും, ഡിജിറ്റൽ രജിസ്ട്രേഷനിലോ പോർട്ടലിലെ അപ്ഡേഷനിലോ ഉൾപ്പെടാത്ത നിരവധി ചെറുകിട സംരംഭങ്ങൾ രാജ്യത്തുണ്ടെന്ന സാഹചര്യത്തിൽ യഥാർത്ഥത്തിൽ പ്രവർത്തനം അവസാനിപ്പിച്ച സ്ഥാപനങ്ങളുടെ എണ്ണം ഇതിലും എത്രയോ ഇരട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും ഗുരുതരമായ കാര്യം, ഈ സ്ഥാപനങ്ങൾ എന്തുകൊണ്ടാണ് അടച്ചുപൂട്ടേണ്ടിവന്നതെന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാരിന്റെ കൈവശം യാതൊരു വിശകലനവുമില്ല എന്നതാണ്. പ്രവർത്തന മൂലധനത്തിന്റെ ലഭ്യതക്കുറവ്, വലിയ കമ്പനികളുമായുള്ള അസമമായ മത്സരം, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, ജി.എസ്.ടി. ഉൾപ്പെടെയുള്ള നിയമാനുസരണച്ചെലവുകളുടെ വർധന, സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള കുടിശ്ശിക, വിപണിയിലെ പ്രവേശന തടസ്സങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വനിതാ സംരംഭകരെ സംരക്ഷിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും മറുപടിയിൽ വ്യക്തമായ വിവരങ്ങളില്ല.
അതുപോലെ, അഞ്ച് വർഷത്തിനുശേഷവും എത്ര വനിതാ സംരംഭങ്ങൾ വിജയകരമായി നിലനിൽക്കുന്നു, എത്ര എണ്ണം നഷ്ടത്തിലേക്ക് നീങ്ങുന്നു, എത്ര സ്ഥാപനങ്ങൾക്ക് സർക്കാർ വാങ്ങൽ പദ്ധതികളിലേക്കോ കയറ്റുമതി വിപണിയിലേക്കോ പ്രവേശനം ലഭിക്കുന്നു, എത്ര സ്ഥാപനങ്ങൾ പുനരുജ്ജീവന സഹായം ആവശ്യമായ അവസ്ഥയിലാണെന്നതിനെക്കുറിച്ചും സർക്കാരിന് വിവരശേഖരണമില്ല.
രജിസ്ട്രേഷനുകളുടെ എണ്ണം വർധിച്ചതിനെ മാത്രം വികസനത്തിന്റെ മാനദണ്ഡമായി അവതരിപ്പിക്കാനാകില്ല. സംരംഭങ്ങൾ നിലനിൽക്കുകയും വളരുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുവോ എന്നതാണ് യഥാർത്ഥ വിജയത്തിന്റെ അളവുകോൽ. അതിനാവശ്യമായ നയപരമായ പിന്തുണ നൽകുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വനിതാ സംരംഭകത്വം ശക്തിപ്പെടുത്തുന്നതിനായി വിപണി സംരക്ഷണം, എളുപ്പത്തിലുള്ള വായ്പ, സാങ്കേതിക നവീകരണ പിന്തുണ, സർക്കാർ വാങ്ങലിൽ മുൻഗണന, കയറ്റുമതി പ്രോത്സാഹനം, ബിസിനസ് മെന്ററിംഗ്, സാമ്പത്തിക പ്രതിസന്ധിയിലായ സംരംഭങ്ങൾക്കായുള്ള പുനരുജ്ജീവന പാക്കേജ് എന്നിവ ഉൾക്കൊള്ളുന്ന സമഗ്ര ദേശീയ നയം അടിയന്തരമായി നടപ്പാക്കണമെന്ന് വി ശിവദാസൻ എം.പി ആവശ്യപ്പെട്ടു.









