കേന്ദ്രത്തിന്റെ ഭരണസമീപനം ‘ശാക്തീകരണത്തിലൂടെ ശക്തി’ എന്ന തത്വത്തിലൂന്നിയത്: പ്രധാനമന്ത്രി നരേന്ദ്ര മോദി



ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഭരണസമീപനവും പ്രവർത്തനസംസ്കാരവും ‘ശാക്തീകരണത്തിലൂടെ ശക്തി’ (Power to Empower) എന്ന തത്വത്തിലൂന്നിയതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന ബ്ലൂംബെർഗ് ന്യൂ ഇക്കണോമി ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂട്ടായ വളർച്ചയിലും എല്ലാവർക്കും തുല്യമായ അവസരങ്ങൾ ഉറപ്പാക്കുന്നതിലുമാണ് ഇന്ത്യയുടെ പുരോഗതി അടിയുറച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുന്നോട്ടുപോകാനുള്ള കഴിവ് മാത്രമല്ല ശക്തി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. മറ്റുള്ളവരെ ശാക്തീകരിക്കാനുള്ള കഴിവും അതിൽ ഉൾപ്പെടുന്നു. ഈ പരിവർത്തനത്തിൽ ഡിജിറ്റൽ ശക്തി നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
21-ാം നൂറ്റാണ്ടിൽ സാങ്കേതികവിദ്യ, ഡാറ്റ, അറിവ്, നൂതനാശയങ്ങൾ എന്നിവ ശക്തിയുടെ പ്രധാന സ്രോതസ്സുകളായി മാറിയിട്ടുണ്ട്. ഇന്ത്യയുടെ കഴിവുകൾ മറ്റ് രാജ്യങ്ങൾക്കും പുതിയ അവസരങ്ങളുടെ വാതിലുകൾ തുറന്നുകൊടുക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് സർക്കാരിന്റെ നിരന്തരമായ ശ്രമമെന്നും മോദി പറഞ്ഞു.
നൂറിലധികം ഭാഷകളും 80,000-ത്തോളം രജിസ്റ്റർ ചെയ്ത പത്രങ്ങളും പ്രസിദ്ധീകരണങ്ങളും ആയിരത്തിലധികം സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകളുമുള്ള ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റാൻ സാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
2014 മുതൽ ഇന്ത്യയുടെ സ്റ്റാർട്ടപ്പ് മേഖലയിൽ വലിയ വളർച്ചയുണ്ടായതായി പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ സ്റ്റാർട്ടപ്പുകളുടെ എണ്ണം 2.5 ലക്ഷം കവിഞ്ഞു. ഇതിൽ പകുതിയോളം ചെറുപട്ടണങ്ങളിൽനിന്നും നഗരങ്ങളിൽനിന്നുമുള്ളവയാണ്. 45 ശതമാനത്തിലധികം സ്റ്റാർട്ടപ്പുകളിൽ കുറഞ്ഞത് ഒരു വനിതാ ഡയറക്ടറോ പങ്കാളിയോ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.









