വാർത്താ കാർഡുകൾ നീക്കം ചെയ്യാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടില്ല; സാങ്കേതിക തകരാറെന്ന് പൊലീസിന് മെറ്റയുടെ മറുപടി


തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ നിന്ന് വാർത്താ കാർഡുകൾ നീക്കം ചെയ്ത സംഭവത്തിൽ പോലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ. വാർത്തകൾ നീക്കം ചെയ്യാൻ മുഖ്യമന്ത്രിയോ പോലീസോ നിർദ്ദേശം നൽകിയിട്ടില്ലെന്നും ഓട്ടോമേറ്റഡ് സിസ്റ്റത്തിലുണ്ടായ സാങ്കേതിക പിഴവ് മൂലമാണ് ഇത് സംഭവിച്ചതെന്നും മെറ്റ വ്യക്തമാക്കിക്കൊണ്ട് മറുപടി അയച്ചു. സൈബർ ഡിവിഷൻ എസ്.പി അങ്കിത് അശോക് ഉന്നയിച്ച ഏഴ് പ്രധാന ചോദ്യങ്ങൾക്കാണ് മെറ്റ ഔദ്യോഗികമായി വിശദീകരണം നൽകിയത്.

സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നോ കോടതിയിൽ നിന്നോ വാർത്തകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യാതൊരുവിധ ഉത്തരവുകളും ലഭിച്ചിട്ടില്ലെന്ന് മെറ്റ അറിയിച്ചു. സാങ്കേതിക തകരാറുമൂലം നീക്കം ചെയ്യപ്പെട്ട 16 പ്രധാന വാർത്താ കാർഡുകളും ഇതിനോടകം തന്നെ പ്ലാറ്റ്‌ഫോമിൽ പുനഃസ്ഥാപിച്ചിട്ടുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്ന തരത്തിൽ വന്ന പ്രചാരണങ്ങളെ തള്ളിക്കളയുന്നതാണ് മെറ്റയുടെ ഈ പുതിയ വിശദീകരണം.









