മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് ഉച്ചയ്ക്ക് പാർലമെൻ്ററി പാർട്ടി യോഗം, ഹൈക്കമാൻഡ് നിരീക്ഷകരും കേരളത്തിലേക്ക്

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പത്തുദിവസം പിന്നിടുമ്പോൾ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം. മുഖ്യമന്ത്രിയെയും നിയമസഭാ കക്ഷി നേതാവിനെയും തിരഞ്ഞെടുക്കുന്നതിനായുള്ള കോൺഗ്രസ് നിയമസഭാ കക്ഷി (സിഎൽപി) യോഗം ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് നടക്കും.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ ഈ യോഗത്തിൽ ഹൈക്കമാൻഡ് എടുത്ത തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അതേസമയം ഡൽഹിയിൽ കെ.സി വേണുഗോപാലിനെ വസതിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടു നിന്നു.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള കോൺഗ്രസ് ഹൈക്കമാൻഡ് നടപടികൾ അവസാന ഘട്ടത്തിൽ. ബുധനാഴ്ച രാത്രി രാഹുൽ ഗാന്ധി സോണിയ ഗാന്ധിയുമായി കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തി. ഇതിന് പിന്നാലെ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായും നിരീക്ഷകരുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തുകയാണ്.നിരീക്ഷകർ കേരളത്തിലേക്ക്

ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിക്കുന്നതിനായി പ്രത്യേക നിരീക്ഷകർ ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇവർ തിരുവനന്തപുരത്ത് എത്തിയാലുടൻ ഹൈക്കമാൻഡ് എടുത്ത തീരുമാനം ഇവരെ അറിയിക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കെപിസിസി ആസ്ഥാനത്ത് നിശ്ചയിച്ചിട്ടുള്ള സിഎൽപി യോഗത്തിൽ ഇവർ മുഖ്യമന്ത്രിയുടെ പേര് ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

അടുത്ത രണ്ട് മണിക്കൂർ നിർണ്ണായകം

തീരുമാനം എടുത്തുകഴിഞ്ഞതായും വ്യാഴാഴ്ച തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നും പാർട്ടി നേതൃത്വം കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവർക്കും കേരളത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങൾക്കും അടുത്ത രണ്ട് മണിക്കൂർ ഏറെ നിർണ്ണായകമാണ്. പത്തുദിവസമായി തുടരുന്ന അനിശ്ചിതത്വത്തിന് ഇതോടെ വിരാമമാകും.

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് സിഎൽപി യോഗം സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഡൽഹിയിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വ്യാഴാഴ്ച തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് സൂചിപ്പിച്ചത്.

യുഡിഎഫിന് നിയമസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചെങ്കിലും, വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കങ്ങളും പ്രവർത്തകരുടെ പ്രതിഷേധങ്ങളും കാരണമാണ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ വൈകിയത്.

നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നവർ

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്നത്. ഇവരിൽ ആര് കേരളത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.

ഹൈക്കമാൻഡ് നടപടികൾ മാതൃകാപരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ ഹൈക്കമാൻഡ് സ്വീകരിച്ച നടപടികൾ തികച്ചും ജനാധിപത്യപരമാണെന്ന് മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.

രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടുകൊണ്ട് എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ട ശേഷമാണ് തീരുമാനത്തിലേക്ക് എത്തിയതെന്ന് കോട്ടയത്തുനിന്നുള്ള എംഎൽഎ കൂടിയായ അദ്ദേഹം പറഞ്ഞു. ഒന്നിലധികം പേരുകൾ വരുമ്പോൾ ആശയക്കുഴപ്പങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ വ്യക്തമായ ഏകോപനത്തിലൂടെ നേതൃത്വം ഇത് പരിഹരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Top News from last week.