തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമീണ റോഡുകളുടെ നിലവാരമില്ലാത്ത നിർമാണ രീതിയെയും തദ്ദേശ സ്ഥാപനങ്ങളിലെ ഫണ്ട് വിനിയോഗത്തെയും കുറിച്ച് ഗൗരവമായ പുനർവിചിന്തനം ആവശ്യമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ വ്യക്തമാക്കി. സജി ചെറിയാൻ എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. നിലവിലെ നിർമാണ രീതികൾ കാരണം ഒരു നല്ല മഴ പെയ്താൽ ഒലിച്ചുപോകുന്ന അവസ്ഥയിലാണ് പല ഗ്രാമീണ റോഡുകളുമെന്നും ഈ സ്ഥിതി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന ബജറ്റിന്റെ വലിയൊരു പങ്കായ 28.5 ശതമാനവും നീക്കിവെക്കുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ ഒരു പഞ്ചായത്തിന് രണ്ട് കോടി രൂപ ലഭിച്ചാൽ വാർഡുകളിലെ റോഡ് നവീകരണത്തിനായി അത് ജനപ്രതിനിധികൾ വീതിച്ചെടുക്കുന്ന രീതിയാണ് നിലവിലുള്ളത്. അഞ്ച് മുതൽ പത്ത് ലക്ഷം രൂപ വരെ മാത്രം ചെലവിട്ട് നടത്തുന്ന ഇത്തരം പ്രവൃത്തികൾ കൊണ്ട് നിർമിക്കുന്ന റോഡുകൾ നിലനിൽക്കുന്നില്ല. ഇത് ശാശ്വതമായ ഒരു ആസ്തി നിർമാണമായി മാറുന്നില്ലെന്ന കാര്യം ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാവരും ഗൗരവമായി ചിന്തിക്കണമെന്നും ഈ ഫണ്ട് വിനിയോഗം കൃത്യമായി വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയിലുണ്ടായ ചില പ്രായോഗിക തടസ്സങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. കരാർ തുക നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പ്രശ്നങ്ങൾ മൂലം സംസ്ഥാനത്തുടനീളം കോൺട്രാക്ടർമാർ പ്രവൃത്തികൾ ഏറ്റെടുക്കാൻ മടിക്കുന്ന സാഹചര്യം വ്യാപകമായി ഉണ്ടായിരുന്നു. പല മണ്ഡലങ്ങളിലും വളരെ കുറച്ചു ശതമാനം പണികൾ മാത്രമാണ് കരാറുകാർ ഏറ്റെടുത്തത്. ഇക്കാര്യം അന്ന് തന്നെ ധനകാര്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
ബി.എം. ബി.സി. നിലവാരത്തിൽ നിർമിക്കുന്ന വലിയ റോഡുകൾ പ്രളയകാലത്തെ പോലും അതിജീവിക്കുമ്പോൾ, ഗ്രാമീണ റോഡുകൾ മഴക്കാലത്ത് മരങ്ങളിൽ നിന്ന് വീഴുന്ന വെള്ളം കൊണ്ട് മാത്രം ഒരു വർഷത്തിനുള്ളിൽ തകർന്നുപോകുന്ന അവസ്ഥയാണുള്ളത്. ഈ പോരായ്മകൾ പരിഹരിച്ച് വരും വർഷങ്ങളിലെ ബജറ്റിലും പ്ലാനിലുമെല്ലാം ഗ്രാമീണ റോഡുകളെ മികച്ച നിലവാരത്തിൽ ദീർഘകാലം നിലനിർത്താൻ സഹായിക്കുന്ന ഗൗരവമായ പദ്ധതികൾക്ക് സർക്കാർ രൂപം നൽകുമെന്നും മുഖ്യമന്ത്രി സഭയ്ക്ക് ഉറപ്പുനൽകി.








