കണ്ണൂർ : ക്രിസ്തുമസ് കൈത്തറി വസ്ത്ര പ്രദർശന വിപണന മേളക്ക് കണ്ണൂർ പൊലീസ് മൈതാനിയിൽ തുടക്കമായി. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൈത്തറി ഡയറക്ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂർ കൈത്തറി വികസന സമിതി എന്നിവ സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾ 20% സർക്കാർ റിബേറ്റോടെ നേരിട്ട് സംഘങ്ങളിൽ നിന്ന് തന്നെ വാങ്ങാൻ അവസരം ലഭിക്കും. ഓരോ ദിവസവും മേളയിലെത്തുന്ന മൂന്ന് പേർക്ക് നറുക്കെടുപ്പിലൂടെ ആയിരം രൂപയുടെ കൈത്തറി തുണിത്തരങ്ങൾ സമ്മാനമായി നേടാം. ഡിസംബർ 31 ന് മേള സമാപിക്കും.
ഉദ്ഘാടന ചടങ്ങിൽ കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ വീവേഴ്സ് സർവ്വീസ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ എസ് ടി സുബ്രഹ്മണ്യൻ മുഖ്യാതിഥി ആയി. ബി പി റൗഫ് ആദ്യ വിൽപന ഏറ്റുവാങ്ങി. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ (കൈത്തറി) പി വി രവീന്ദ്ര കുമാർ, കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ കെ രാജൻ തുടങ്ങിയവർ പങ്കെടുത്തു.