രാജ്യം ബാലറ്റിലേക്ക് മടങ്ങണം, ബിജെപി മഹാരാഷ്ട്രയും ഹരിയാനയും ജയിച്ചത് തട്ടിപ്പിലൂടെ: മല്ലികാർജുൻ ഖാർഗെ

അഹമ്മദാബാദ്: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കൃത്രിമത്വത്തിലൂടെയാണ് ബിജെപി ജയം നേടിയതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്തെ തെരഞ്ഞെടുപ്പുകളിൽ വോട്ടിങ് മെഷീൻ ഒഴിവാക്കണമെന്നും പഴയരീതിയിലുള്ള ബാലറ്റിലേക്ക് മടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദിൽ എഐസിസി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മല്ലികാർജുൻ ഖാർഗെ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.

ഖാർഗെയുടെ പ്രസംഗത്തിലുടനീളം കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉയർത്തിയത്. മോദി സർക്കാർ ആസ്തികളെല്ലാം വിറ്റഴിച്ച് കുത്തകകൾക്ക് നേട്ടമുണ്ടാക്കുന്നതിനായി ജനാധിപത്യം അട്ടിമറിക്കുകയാണെന്ന് ഖാർഗെ ആരോപിച്ചു. ‘ലോകം മുഴുവൻ ഇവിഎമ്മുകളിൽ നിന്ന് ബാലറ്റ് പേപ്പറിലേക്ക് മാറുകയാണ്, പക്ഷേ നമ്മൾ ഇവിഎമ്മുകൾ ഉപയോഗിക്കുന്നു. ഇതെല്ലാം തട്ടിപ്പാണ്. ഭരണകക്ഷിക്ക് അനുകൂലമാകുന്ന രീതിയിലും പ്രതിപക്ഷത്തെ പ്രതികൂലമായി ബാധിക്കുന്നതുമായ സാങ്കേതിക വിദ്യകൾ അവർ കണ്ടുപിടിച്ചിട്ടുണ്ട്’ ഖാർഗെ പറഞ്ഞു. ഈ രാജ്യത്തെ യുവാക്കൾ ബാലറ്റ് പേപ്പർ വേണമെന്ന് ആവശ്യപ്പെടുന്ന കാലം വിദൂരമല്ലെന്നും ഖാർഗെ പറഞ്ഞു. ‘ഇവിഎം തട്ടിപ്പ്’ കോൺഗ്രസ് എല്ലായിടത്തും പറഞ്ഞു. രാഹുൽ ഗാന്ധി പാർലമെന്റിൽ ഉന്നയിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് വെറും തട്ടിപ്പായിരുന്നു. ഹരിയാനയിലും ഇതാവർത്തിച്ചെന്ന് ഖാർഗെ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ജനാധിപത്യത്തെ തകർക്കുന്നതാണ്. കള്ളങ്ങളെല്ലാം ഒരുനാൾ പൊളിഞ്ഞുവീഴുമെന്നും അദ്ദേഹം പറഞ്ഞു

ജനാധിപത്യം ഭരണഘടന എന്നിവയെല്ലാം അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അവയെ സംരക്ഷിക്കാനായി പോരാടേണ്ടതുണ്ട്. പാർലമെന്റ് ബജറ്റ് സമ്മേളനം അവരുടെ ഇഷ്ടത്തിനനുസരിച്ചാണ് നടത്തിയത്. പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ പോലും അനുവദിച്ചില്ലെന്നും ഖാർഗെ പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം വർഗീയ ധ്രൂവീകരണ അജണ്ട നടപ്പാക്കാൻ പുലരും വരെ അവർ ചർച്ച നടത്തിയെന്നും വഖഫ് നിയമഭേദഗതി ചർച്ചയെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

യുഎസ് താരിഫുമായി ബന്ധപ്പെട്ട വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷത്തെ അനുവദിച്ചില്ല. പ്രധാനമന്ത്രി സുഹൃത്തുക്കളായ കുത്തകൾക്ക് രാജ്യത്തെ വിഭവങ്ങൾ കൈമാറുകയാണ്. എസ്സി- എസ്ടി, ഒബിസി സംവരണം ഇല്ലാതാക്കുന്നു. ഈ ഭരണം തുടർന്നാൽ രാജ്യം മുഴുവൻ സുഹൃത്തുക്കളായ മുതലാളിമാർക്ക് വിറ്റുതീർക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ വിഭാഗീയതയുണ്ടാക്കുന്നതിനായി അർഎസ്എസും ബിജെപിയും 500 വർഷം പഴക്കമുള്ള വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരികയാണ്. പ്രധാനമന്ത്രി അത്തരം വിഷയങ്ങളിൽ തീ കൊളുത്തുമ്പോൾ ആർഎസ്എസ് അതിൽ എണ്ണയൊഴിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വർദ്ധിപ്പിച്ചതിനെതിരെയും എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചതിനെതിരെയും ഖാർഗെ വിമർശിച്ചു.

Top News from last week.

Latest News

More from this section