പാഠ്യപദ്ധതി സാമൂഹ്യ തിന്മകള്‍ക്കെതിരെ ധാര്‍മിക ബോധം സൃഷ്ടിക്കണം

കണ്ണൂർ : സാമൂഹ്യ തിന്മകള്‍ക്കെതിരെ കുട്ടികളില്‍ ധാര്‍മിക ബോധം സൃഷ്ടിക്കുന്നതാകണം പുതിയ പാഠ്യപദ്ധതിയെന്ന് നിര്‍ദേശം. പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷ കേരളം, കണ്ണൂര്‍ ഡയറ്റ് എന്നിവ സംയുക്തമായി തയ്യാറാക്കിയ ജില്ലാതല റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്ത്രീധനം, സ്ത്രീധന കൊലപാതകങ്ങള്‍, ദുരഭിമാനക്കൊല, സദാചാര പൊലീസ് തുടങ്ങിയവക്കെതിരെ കുട്ടികളില്‍ അവബോധം സൃഷ്ടിക്കാനാകണം. നിയമ ബോധവല്‍ക്കരണവും പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. സമൂഹത്തില്‍ തുല്യ പ്രാധാന്യത്തോടെ കടന്നുവരുന്നതിനും പ്രവര്‍ത്തിക്കുന്നതിനും അവസരസമത്വം ഉണ്ടെന്ന ആശയം പ്രചരിപ്പിക്കണം. പാഠപുസ്തകങ്ങളിലെ ചിത്രങ്ങള്‍, ഭാഷാപ്രയോഗങ്ങള്‍, ഉദാഹരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ ആവശ്യമായ മാറ്റം വരുത്തണം. എല്ലാ ജോലികളും ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ ചെയ്യാമെന്ന ബോധം ഉണ്ടാക്കുന്ന രീതിയിലാകണം പുനക്രമീകരിക്കണം. വ്യവസ്ഥാപിത സ്ത്രീ സങ്കല്‍പങ്ങളെ പുനസൃഷ്ടിക്കുന്ന തരത്തിലുള്ള ചിത്രീകരണങ്ങള്‍, ഭാഷാപ്രയോഗങ്ങള്‍ തുടങ്ങിയവ ഒഴിവാക്കി സ്ത്രീകള്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും പ്രാപ്തരാണെന്നും അവര്‍ക്ക് പരിമിതികള്‍ ഇല്ലെന്നും ബോധമുണ്ടാക്കണം.
അഞ്ചുവര്‍ഷത്തില്‍ ഒരിക്കലെങ്കിലും പാഠ്യപദ്ധതി പരിഷ്‌കരിക്കണം. ശാസ്ത്ര ചിന്തയും യുക്തിചിന്തയും വളര്‍ത്തണം. സമഗ്രത ഉറപ്പുവരുത്താന്‍ എല്ലാ വിഷയങ്ങളും ഉള്‍ക്കൊള്ളുന്ന തരത്തില്‍ പാഠഭാഗങ്ങള്‍ ക്രമീകരിക്കണം. ഉയര്‍ന്ന ക്ലാസുകളില്‍ വൊക്കേഷണല്‍,നോണ്‍ വൊക്കേഷണല്‍ എന്നിങ്ങനെ വിഭജനം നടത്താവുന്നതാണ്. സാമൂഹ്യ തിന്മകള്‍ക്കെതിരെ അണിചേരാനുള്ള മനസ് കുട്ടികളില്‍ ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തണം.
നിത്യജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന ആശയങ്ങള്‍, സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രായോഗിക അനുഭവങ്ങള്‍, റോഡ് സുരക്ഷ, സൈബര്‍ നിയമങ്ങള്‍, സ്ത്രീ സുരക്ഷ നിയമങ്ങള്‍, ഭരണഘടന അവകാശങ്ങള്‍ തുടങ്ങിയവയും പാഠ ഭാഗങ്ങളില്‍ ഉള്‍പ്പെടുത്തണം. പൊതു പരീക്ഷകളില്‍ ഗ്രേഡിനൊപ്പം പെര്‍ഫോമന്‍സ് കൂടി ചേര്‍ക്കാം. ഉള്ളടക്ക ഭാരക്കുറവ് കുട്ടികളിലെ
സമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കുന്നതിനാല്‍ സെമസ്റ്റര്‍ പരീക്ഷ രീതിക്ക് പ്രാധാന്യം നല്‍കാം. അപ്പര്‍ പ്രൈമറി തലത്തില്‍ ഓപ്പണ്‍ ബുക്ക് ടെസ്റ്റ് പോലുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്താമെന്നും സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രാദേശികം, ബ്ലോക്ക്, ജില്ല എന്നീ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മുഴുവന്‍ ജില്ലകളില്‍ നിന്നും സമര്‍പ്പിച്ച ഇത്തരം റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ പരിഷ്‌കരണം നടപ്പാക്കുക.
ജില്ലാതല റിപ്പോര്‍ട്ട് സമര്‍പ്പണം, ‘എന്റെ പുസ്തകം എന്റെ വിദ്യാലയം’ പദ്ധതി കൈയെഴുത്ത് പ്രതികള്‍ ഏറ്റുവാങ്ങല്‍, റോള്‍ പ്ലേ മത്സര വിജയികള്‍ക്കുള്ള അനുമോദനം എന്നിവ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാതല റിപ്പോര്‍ട്ട് എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ. ആര്‍ കെ ജയപ്രകാശ് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്നകുമാരിയില്‍ നിന്നും ഏറ്റുവാങ്ങി. ഡയറ്റ് സീനിയര്‍ ലക്ചറര്‍ എസ് കെ ജയദേവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 1500 പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് ആരംഭിച്ച ‘എന്റെ പുസ്തകം എന്റെ വിദ്യാലയം’ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ കൈയെഴുത്ത് പ്രതികള്‍ പി പി ദിവ്യ സ്‌കൂള്‍ അധികൃതരില്‍ നിന്നും ഏറ്റുവാങ്ങി. ദേശീയ റോള്‍ പ്ലേ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ പെരളശ്ശേരി എ കെ ജി സ്മാരക ജി എച്ച് എസ്, ജില്ലാതലത്തില്‍ രണ്ടാം സ്ഥാനം നേടിയ ചട്ടുകപ്പാറ ജി എച്ച് എസ് എസ്, പിണറായി എ കെ ജി മെമ്മോറിയല്‍ ജി എച്ച് എസ് എന്നിവയെ സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയായി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി എ ശശീന്ദ്രവ്യാസ് മുഖ്യപ്രഭാഷണം നടത്തി. സ്ഥിരംസമിതി അധ്യക്ഷ യു പി ശോഭ, അംഗങ്ങളായ തോമസ് വക്കത്താനം, സി പി ഷിജു, എന്‍ വി ശ്രീജിനി, എസ് എസ് കെ ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ്, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ വിനോദ്കുമാര്‍, ഹയര്‍സെക്കണ്ടറി വിഭാഗം ആര്‍ഡിഡി ഇന്‍ചാര്‍ജ് വി അജിത, വി എച്ച് എസ് ഇ അസി. ഡയറക്ടര്‍ ഉദയകുമാരി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ ഓര്‍ഡിനേറ്റര്‍ പി വി പ്രദീപന്‍, കൈറ്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സുപ്രിയ, ഹയര്‍സെക്കണ്ടറി വിഭാഗം അസി. കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ വി ദീപേഷ്, വിദ്യാരംഗം ജില്ലാ കണ്‍വീനര്‍ വിനോദ് കുമാര്‍, കണ്ണൂര്‍ ഡിഇഒ കെ സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് റ്റൈനി സൂസണ്‍ ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Top News from last week.