Friday, October 9, 2026
Kerala

ഇഡിക്ക് രാഷ്ട്രീയ ലക്ഷ്യം; എന്നെ കുറ്റക്കാരനാക്കാൻ രാഷ്ട്രീയ തിരക്കഥ മതിയാകില്ല’ – പിണറായി വിജയൻ

Advertisement
Advertisement

‘ഇഡിക്ക് രാഷ്ട്രീയ ലക്ഷ്യം; എന്നെ കുറ്റക്കാരനാക്കാൻ രാഷ്ട്രീയ തിരക്കഥ മതിയാകില്ല’ – പിണറായി വിജയൻ

Advertisement

 

കണ്ണൂർ: തന്നെ കുറ്റക്കാരനാക്കാൻ രാഷ്ട്രീയപരമായ തിരക്കഥ മതിയാകില്ലെന്നും നിയമപരമായി നിലനിൽക്കുന്ന തെളിവുകൾ വേണമെന്നും സിപിഎം നേതാവ് പിണറായി വിജയൻ. കോടതികൾ പോലും തള്ളിയ കേസാണ് ഇപ്പോൾ വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നത്. ഇത് വ്യക്തിപരമായ ആക്രമണമായി കാണുന്നില്ലെന്നും പ്രസ്ഥാനത്തെ തകർക്കാനുള്ള കടന്നാക്രമണമാണെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

ഇഡിയുടെ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഇഡിയുടെ ഭാഗത്തുനിന്ന് തനിക്ക് യാതൊരു കത്തും ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിഎംആർഎലിന് വഴിവിട്ട ഒരു ആനുകൂല്യവും നൽകിയിട്ടില്ല. അങ്ങനെ നൽകിയെന്ന് തെളിയിക്കുന്ന രേഖകളും ഹാജരാക്കിയിട്ടില്ലെന്നും പിണറായി പറഞ്ഞു.

 

സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നേരത്തെ ഉന്നയിച്ച ആരോപണങ്ങളിലും ഇപ്പോഴത്തെ ആരോപണങ്ങളിലും മാറ്റമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിഎംആർഎലിന് യാതൊരു സേവനവും ലഭിക്കാതെ എക്സാലോജിക് പണം നൽകിയെന്നായിരുന്നു നേരത്തെയുള്ള ഇഡി വാദം. എന്നാൽ ഇപ്പോൾ സിഎംആർഎലിന് വഴിവിട്ട സഹായങ്ങൾ നൽകിയതിന് മുഖ്യമന്ത്രിക്ക് നൽകിയ കൈക്കൂലിയെന്നാണ് ആരോപിക്കുന്നത്. ഒരേ ഇടപാടിനെക്കുറിച്ച് ഒരേ അന്വേഷണ സംവിധാനം രണ്ട് വാദങ്ങൾ ഉയർത്തുന്നത് എന്തുകൊണ്ടാണെന്ന് ഇഡി വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

 

അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 25 പേജുള്ള റിപ്പോർട്ടാണ് കൈമാറിയതെന്നാണ് വിവരം. എന്നാൽ സാധാരണ നിലയിൽ സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി കത്തയച്ചാൽ അത് ഉടൻ പുറത്തുവരാറില്ല. ഇഡി തന്നെ ഇത്തരം കാര്യങ്ങൾ പുറത്തുവിടുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും പിണറായി ആരോപിച്ചു. തനിക്കെതിരായ പരാമർശങ്ങളൊന്നും ആ റിപ്പോർട്ടിലില്ലെന്നും അദ്ദേഹം പറഞ്ഞു.

 

സിപിഎമ്മിനെ തകർക്കാനുള്ള ശ്രമങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് പിണറായി പറഞ്ഞു. പാർട്ടി സെക്രട്ടറി ആകുന്നതിന് മുമ്പുതന്നെ തനിക്കെതിരെ കടന്നാക്രമണങ്ങൾ ഉണ്ടായി. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ മനുഷ്യത്വരഹിതമായ സംഘടിത ആക്രമണങ്ങളാണ് ഉണ്ടായത്. കോവിഡ് കാലത്ത് എല്ലാവരും ഒന്നിച്ചുനിന്ന് പ്രതിസന്ധിയെ നേരിട്ടപ്പോഴും മുൻകരുതൽ നടപടികൾ അട്ടിമറിക്കുന്ന ഇടപെടലുകൾ ഉണ്ടായെന്നും അദ്ദേഹം ആരോപിച്ചു.

 

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എൽഡിഎഫ് സർക്കാരിനെതിരെ യുഡിഎഫും ബിജെപിയും ഒന്നിച്ചുള്ള ആക്രമണത്തിന്റെ സാഹചര്യം രൂപപ്പെട്ടിരുന്നു. എല്ലാ വലതുപക്ഷ ശക്തികളും എൽഡിഎഫിനെതിരെ അണിനിരന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിയും പ്രതിപക്ഷത്തുള്ള യുഡിഎഫും ആക്രമണത്തിന്റെ കാര്യത്തിൽ കടുത്ത മത്സരത്തിലായിരുന്നുവെന്നും പിണറായി പറഞ്ഞു.

 

2026ൽ യുഡിഎഫ് അധികാരത്തിലെത്തിയതോടെ ഇതിൽ മാറ്റമുണ്ടായോ എന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ സംയുക്ത പരിപാടിയായി ആക്രമണം മാറിയിരിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പങ്കാളിത്തം കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയെന്നും പിണറായി ആരോപിച്ചു.ഉണ്ടയില്ലാ വെടി പൊട്ടുന്നത് കേട്ട് ഞങ്ങൾ ഞെട്ടിപ്പോയെന്ന് വലതുപക്ഷം കരുതേണ്ട. സിപിഎമ്മിനെ തകർത്തുകളയാമെന്ന ദുർമോഹം ആർക്കും വേണ്ട. അത്തരക്കാരോട് സഹതാപം മാത്രമേയുള്ളൂ’ എന്നും പിണറായി വിജയൻ പറഞ്ഞു.

Advertisement
Advertisement
Advertisement
Advertisement
Advertisement