ജില്ലയിലെ ആദ്യ കേരള ചിക്കന്‍ സ്റ്റാള്‍ പ്രവര്‍ത്തനമാരംഭിച്ചു

സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച കേരള ചിക്കന്‍ പദ്ധതിയുടെ ജില്ലയിലെ ആദ്യ സ്റ്റാള്‍ കുറ്റിയാട്ടൂര്‍ കുടുബശ്രീ സി ഡി എസിന്റെ കീഴില്‍ മയ്യില്‍ പ്രവര്‍ത്തനമാരംഭിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കുറ്റിയാട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി റെജി അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം.വി ജയന്‍ പദ്ധതി വിശദീകരണം നടത്തി. അടുത്ത രണ്ട് മാസത്തിനുള്ളില്‍ മട്ടന്നൂര്‍, പാനൂര്‍, ചെറുകുന്ന്, ആലക്കോട്, കണ്ണൂര്‍, ഇരിട്ടി പഞ്ചായത്തുകളില്‍ കൂടെ കേരള ചിക്കന്‍ ഔട്‌ലെറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കും.
കേരള ചിക്കന്‍ ഫാമുകളില്‍ വളര്‍ത്തുന്ന വളര്‍ച്ചയെത്തിയ ഇറച്ചിക്കോഴി കുടുംബശ്രീ അംഗങ്ങള്‍ നടത്തുന്ന വിപണന ശാലകള്‍ വഴിയാണ് വില്‍പന നടത്തുന്നത്. കിലോയ്ക്ക് 17 രൂപ ഔട്ട്‌ലെറ്റ് ഉടമയ്ക്ക് ലഭിക്കും. മാര്‍ക്കറ്റ് വിലയേക്കാളും 10 ശതമാനം കുറവിലാണ് കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ വഴി വില്‍പന നടത്തുന്നത്. കേരളത്തില്‍ വിവിധ ജില്ലകളിലായി 140 ഔട്ട്‌ലെറ്റുകളില്‍ നിന്നായി 50 ടണ്ണോളം കേരള ചിക്കന്‍ ഒരോ ദിവസവും വില്‍പന നടത്തുന്നുണ്ട്. ബ്രോയിലര്‍ കര്‍ഷകര്‍ക്കും ഔട്ട്‌ലെറ്റ് ഉടമകള്‍ക്കും മികച്ച വരുമാന മാര്‍ഗ്ഗം ഉറപ്പുവരുത്തുന്ന സംരംഭം കൂടിയാണ് കേരള ചിക്കന്‍. 50000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ മാസവരുമാനം ഔട്ട്‌ലെറ്റുകള്‍ വഴി കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.
കേരള ചിക്കന്‍ ഫാമുകള്‍, ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നതിന് കുടുംബശ്രീ വഴി ഒന്നര ലക്ഷം രൂപ വരെ ലോണ്‍ ലഭിക്കും. 2026 ഓടെ വിപണിയുടെ 25 ശതമാനമെങ്കിലും എത്തുകയെന്ന ലക്ഷ്യത്തോടെ പദ്ധതി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബശ്രീയും കേരള ചിക്കന്‍ കമ്പനിയും.
കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ള കുടുംബശ്രീ അംഗങ്ങള്‍ പഞ്ചായത്തുകളിലെ കുടുംബശ്രീ സിഡിഎസ് ഓഫീസുകളില്‍ അപേക്ഷ നല്‍കണം.

Top News from last week.

Latest News

More from this section