കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന (എഫ്.എല്‍.സി) തുടങ്ങി. ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ നേതൃത്വത്തിലാണ് പ്രത്യേകം പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. ആഗസ്റ്റ് 23 വരെ കണ്ണൂര്‍ താലൂക്ക് ഓഫീസ് വളപ്പിലെ ഇലക്ഷന്‍ വെയര്‍ ഹൗസിന് സമീപം പ്രത്യേകം സജ്ജീകരിച്ച ഹാളിലും കണ്ണൂര്‍ കോര്‍പറേഷന്റെ പുഴാതി സോണല്‍ ഓഫീസിലെ ഇലക്ഷന്‍ വെയര്‍ ഹൗസിലുമായി പരിശോധന തുടരും. ജില്ലയില്‍ 3611 കണ്‍ട്രോള്‍ യൂനിറ്റുകള്‍, 9703 ബാലറ്റ് യൂനിറ്റുകള്‍ എന്നിവയാണ് പരിശോധിക്കാനുള്ളത്.
ഇവിഎം നിര്‍മ്മാതാക്കളായ ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ രണ്ട് എന്‍ജിനീയര്‍മാരാണ് സാങ്കേതിക സഹായം നല്‍കുന്നത്. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പരിശോധന. ഹാളിലേക്കുള്ള പ്രവേശനം മെറ്റല്‍ ഡിറ്റക്ടര്‍ വഴി നിയന്ത്രിച്ചിട്ടുണ്ട്. പരിശോധനകളില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.കെ ബിനി സംബന്ധിച്ചു.
ജില്ലാ കലക്ടറുടെ ചുമതലയില്‍ നടക്കുന്ന എഫ്എല്‍സി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് തദ്ദേശ വകുപ്പ് അസി. ഡയറക്ടര്‍ ടി.വി സുഭാഷിനെ ചാര്‍ജ് ഓഫീസറായി നിയോഗിച്ചു. 92 ഉദ്യോഗസ്ഥരെയാണ് പരിശോധനകള്‍ക്കായി നിയോഗിച്ചിട്ടുള്ളത്.









