എമ്പുരാൻ വിഷയം രാജ്യസഭയിൽ ഉന്നയിച്ച് ഡോ.ജോൺ ബ്രിട്ടാസ് എംപി. ആവിഷ്‌കാര സ്വാതന്ത്ര്യന്മേലുളള കടന്നാക്രമണവും ഭരണഘടനാ ലംഘനവുമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എമ്പുരാൻ സിനിമ സെൻസർ ബോർഡിന്റെ അംഗീകാരത്തോടെ ആദ്യം റിലീസ് ചെയ്തു. എന്നാൽ പിന്നീട് സിനിമ 24 ഭേദഗതികളോടെ വീണ്ടും റിലീസ് ചെയ്യേണ്ടി വരുന്നു. സംസാരിക്കാനും കലാസൃഷ്ടിക്കുമുളള മൗലിക അവകാശം രാജ്യത്ത് നഷ്ടപ്പെടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഏറെ ആശങ്കയാണ് സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൊമേഡിയൻ താരങ്ങൾക്കെതിരെ പോലും കേസെടുക്കുന്നുവെന്നും ഡോ.ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.
അതേസമയം എമ്പുരാൻ സിനിമ ക്രിസ്ത്യൻ വിശ്വാസങ്ങൾക്കും എതിരാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജ്യസഭയിൽ പറഞ്ഞു. ഇന്ത്യയിലെ എല്ലാ ക്രൈസ്തവരും സിനിമയെ എതിർക്കുന്നുവെന്നും കെസിബിസിയും സിബിസിഐയും എതിർക്കുന്നുവെന്നുമാണ് മന്ത്രി സഭയിൽ പറഞ്ഞത്.
ക്രിസ്തുമത വിശ്വാസിയായ തന്റെ മതവികാരത്തെയും സിനിമ വ്രണപ്പെടുത്തുന്നുവെന്നുംഎല്ലാ മതവിഭാഗങ്ങളും സിനിമയ്ക്ക് എതിരാണെന്ന് ജോർജ് കുര്യൻ. ഡോ. ജോൺ ബ്രിട്ടാസ് എംപിക്ക് ശേഷം സംസാരിക്കാൻ എഴുന്നേറ്റ കേന്ദ്രമന്ത്രി ജോർജ് കുര്യൻ വിഷയം മറ്റൊരു തലത്തിലേക്ക് വഴിതിരിച്ചുവിടാനാണ് ശ്രമിച്ചത്. എമ്പുരാൻ സിനിമക്കെതിരായ നീക്കത്തിന് പിന്നിൽ ബിജെപിയും ആർഎസ്എസുമാണെന്ന് ജെബി മേത്തറും രാജ്യസഭയിൽ ചൂണ്ടിക്കാട്ടി. വിഷയം ഭരണ-പ്രതിപക്ഷ എംപിമാർ തമ്മിലുളള വാക്പോരിനും കാരണമായി.









