കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ചകേസിൽ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതിൽ നിരുപാധികം ക്ഷമ ചോദിച്ച് സർക്കാർ. കേസിൽ ഹൈക്കോടതി നിർദേശപ്രകാരം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു നേരിട്ട് കോടതിയിൽ ഹാജരായി. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന് നിർദേശത്തിൽ നടപടികൾ നീണ്ടുപോകുന്നതിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയിരുന്നു.ജനുവരി 15-ാം തീയതിക്കുള്ളിൽ കണ്ടുകെട്ടാനുള്ള നടപടികൾ പൂർത്തിയാക്കുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി രേഖാമൂലം ഉറപ്പ് നൽകി. സർക്കാർ നൽകിയ സത്യവാങ്മൂലം ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. പൊതുമുതൽ നശിപ്പിച്ച സംഭവം ഗൗരവമുള്ളതാണെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തൽ.അതേസമയം, കേസിൽ പ്രതിയായ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറിനെ ഇനി മുതൽ വീഡിയോ കോൺഫറൻസിങ് വഴി കോടതിയിൽ ഹാജരാക്കും. ഇയാൾക്കെതിരെ 140ലധികം കേസുകളാണ് വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.