ചെങ്കൊടി പുതച്ച്, മാഞ്ഞു മഹാ സൂര്യൻ; രണഭൂമിയിൽ നിത്യനിദ്ര; ലാൽ സലാം….

 

ആലപ്പുഴ: വിപ്ലവ പ്രസ്ഥാനത്തിന്റെ അമരനായകൻ സഖാവ് വിഎസ് അച്യുതാനന്ദൻ ഇനി ഓർമ. പുന്നപ്ര വയലാർ രക്തസാക്ഷികൾ നിത്യനിദ്ര കൊള്ളുന്ന ചോരമണം മാറാത്ത വലിയ ചുടുകാട്ടിലെ മണ്ണിൽ വിഎസ് അലിഞ്ഞുചേർന്നു. മകൻ അരുൺ കുമാർ ചിതയ്ക്ക് തീ കൊളുത്തി. വിഎസിനെ അവസാനമായി യാത്രയാക്കാൻ പതിനായിരങ്ങളാണ് ആലപ്പുഴയിലെത്തിയത്. പാതയോരങ്ങളിൽ ജനലക്ഷങ്ങൾ സ്നേഹപ്പൂക്കൾ അർപ്പിച്ചു. സമാനതകളില്ലാത്ത വിലാപയാത്രയിൽ കേരളം തേങ്ങി; കണ്ണേ…കരളേ വിഎസ്സേ..

വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരം ആലപ്പുഴയിലെ ഡിസി ഓഫിസിലും ബീച്ചിനു സമീപത്തെ റിക്രിയേഷൻ ഗ്രൗണ്ടിലും എത്തിയപ്പോൾ ലക്ഷങ്ങളാണ് കാണാനെത്തിയത്. പ്രിയനേതാവിന്റെ ഭൗതികശരീരം വഹിച്ചുള്ള വിലാപ യാത്രയിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ജനം ഒഴുകിയെത്തിയതോടെ ആലപ്പുഴ നിശ്ചലമായി. പാതയോരങ്ങളിൽ അവർ മനുഷ്യക്കോട്ടകൾ തീർത്തു. ഇടിമുഴക്കത്തിന്റെ ഉച്ചത്തിൽ മുദ്രാവാക്യങ്ങളുയർത്തി. പൊരുതാൻ ഊർജമേറ്റുവാങ്ങി മടങ്ങി.

ഇന്നലെ ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്തുനിന്നാരംഭിച്ച വിലാപയാത്ര ഇന്നു രാവിലെ ഏഴു മണിയോടെയാണ് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചത്. ജില്ലയിലെ ഓരോ കേന്ദ്രത്തിലും വലിയ ജനക്കൂട്ടമാണ് പ്രിയപ്പെട്ട വിഎസിനെ അവസാനമായി കാണാൻ കാത്തുനിന്നത്. രമേശ് ചെന്നിത്തലയും ജി.സുധാകരനും അടക്കമുള്ള തലമുതിർന്ന നേതാക്കൾ വിഎസിനു വേണ്ടി കാത്തുനിന്നു. ഇടയ്ക്കിടെ ചാറിയും കനത്തും പെയ്ത മഴയെ കാര്യമാക്കാതെ വഴിയോരങ്ങൾ ആളുകളെക്കൊണ്ടു നിറഞ്ഞു.

ഉച്ചയ്ക്ക് 12. 15 ഓടെയാണ് ഭൗതികശരീരം വേലിക്കകത്ത് വീട്ടിലെത്തിയത്. കുടുംബാംഗങ്ങൾ മാത്രമായി പത്തു മിനിറ്റ് സമയം. പിന്നെ പൊതുദർശനം തുടങ്ങി. ആദരാഞ്ജലി അർപ്പിക്കാനെത്തിയവരുടെ നിര നാലു കിലോമീറ്ററോളം നീണ്ടു. കനത്ത മഴയിലും, ഉള്ളുപൊള്ളുന്ന സങ്കടത്തോടെ അവർ പ്രിയ സഖാവിന് അവസാനത്തെ അഭിവാദ്യമർപ്പിച്ചു. 2.40 ഓടെ വീട്ടിലെ പൊതു ദർശനം അവസാനിപ്പിച്ച് ഭൗതിക ശരീരം സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക്. ഏറെക്കാലം വിഎസിന്റെ രണ്ടാംവീടായിരുന്ന ഡിസി ഓഫിസ് പ്രിയനേതാവിനെ അവസാനമായി സ്വീകരിച്ചു. പാർട്ടി നേതാക്കൾ മാത്രമായിരിക്കും അവിടെ അന്ത്യാഭിവാദ്യമർപ്പിക്കുക എന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും വിഎസിന് ആദരമർപ്പിക്കാൻ എത്തിയിരുന്നു.

നാലേമുക്കാലോടെ ഡിസിയിൽനിന്ന് വിലാപയാത്ര റിക്രിയേഷൻ മൈതാനത്തേക്കു നീങ്ങി. കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നുമുള്ള പ്രവർത്തകരും സാധാരണക്കാരുമടക്കം അവിടെ കാത്തുനിന്നത് പതിനായിരങ്ങളാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സിപിഎം ജനറൽ സെക്രട്ടറി എംഎ.ബേബി, മന്ത്രിമാർ എന്നിവരടക്കമുള്ള നേതൃനിര അവിടെ പൊതുദർശനത്തിനു നേതൃത്വം നൽകി. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി.

Top News from last week.

Latest News

More from this section