കൊച്ചി : സർക്കാർ മെഡിക്കൽ ഹോസ്റ്റലുകളിൽ ആൺ-പെൺ ഭേദമില്ലാതെ രാത്രി 9.30 ന് ശേഷവും വിദ്യാർത്ഥികൾക്ക് പ്രവേശിക്കാമെന്ന സർക്കാർ ഉത്തരവ് എല്ലാ മെഡിക്കൽ കോളേജുകളും പാലിക്കണമെന്ന് കേരള ഹൈക്കോടതി . കോഴിക്കോട് മെഡിക്കൽകോളേജ് ഹോസ്റ്റലിൽനിന്ന് പെൺകുട്ടികൾ രാത്രി 9.30-നുശേഷം പുറത്തിറങ്ങുന്നതിന് വലക്കേർപ്പെടുത്തിയത് ചോദ്യംചെയ്യുന്ന ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. രണ്ടാംവർഷം മുതൽ ആൺ-പെൺ വിദ്യാർഥികൾക്ക് രാത്രി 9.30-നു ശേഷം മൂവ്മെന്റ് രജിസ്റ്ററിൽ രേഖപ്പെടുത്തി ഹോസ്റ്റലിൽ പ്രവേശിക്കാമെന്നാണ് പുതിയ ഉത്തരവ്. ഒന്നാംവർഷ വിദ്യാർഥികൾ നേരത്തേ കയറണം.
രാത്രി 9.30-നുശേഷം ആവശ്യമുണ്ടെങ്കിൽ ഹോസ്റ്റലിൽനിന്ന് പുറത്തിറങ്ങാനാകുമോയെന്ന ചോദ്യത്തിന് അടിയന്തര ആവശ്യമുണ്ടെങ്കിൽ വാർഡന്റെ അനുമതിയോടെ പുറത്തുപോകാൻ അനുവദിക്കുന്നുണ്ടെന്ന് ആരോഗ്യ സർവകലാശാല അറിയിച്ചു.കോഴിക്കോട് മെഡിക്കൽകോളേജിൽ പ്രധാന റീഡിങ് റൂം 11 വരെ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ, രാത്രി ഒൻപതിന് അടയ്ക്കുന്ന പ്രധാന റീഡിങ് റൂമിന്റെ പ്രവർത്തനം ദീർഘിപ്പിക്കാൻ ജീവനക്കാരയടക്കം വേണ്ടിവരുമെന്ന് സർക്കാർ അറിയിച്ചു.