ഇടതുപക്ഷം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഒപ്പമാണെന്ന് മന്ത്രി സജി ചെറിയാൻ. എമ്പുരാൻ സിന്മ കാണാൻ എത്തിയപ്പോഴായിരുന്നു പ്രതികരണം. സിനിമ ഒരു കലാപ്രവർത്തനം മാത്രമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ട്. കേരളം പോലൊരു സംസ്ഥാനത്ത് ആണ് ഇത് നടക്കുന്നത്. അസഹിഷ്ണുത ഉള്ളവരാണ് ഇത്തരം കാര്യങ്ങളെ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാർ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഒപ്പമല്ല. 17 ഭാഗം വെട്ടി മാറ്റിയതിനോട് യോജിക്കാൻ കഴിയില്ല. ധൈര്യപൂർവ്വം സിനിമ പ്രദർശിപ്പിക്കണം. ഒരു സംവിധായകനോടോ നടനോടോയുള്ള പ്രശ്‌നമല്ല ഇത്. പൃഥ്വിരാജും മോഹൻലാലും മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളാണ്. അവർ ഒരു വീക്ഷണത്തോടെയാണ് സിനിമ ഇറക്കുക. തെറ്റ് ചെയ്യാത്തവർ എന്തിനാണ് പ്രശ്‌നം ഉണ്ടാകുന്നത്. തെറ്റ് ചെയ്തവരാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രത്തിലെ വിവാദങ്ങൾ കൊടുമ്പിരി കൊള്ളുന്നതിനിടെയാണ് മോഹൻലാൽ പോസ്റ്റ് പങ്കുവച്ചത്. ഇതിന് പിന്നാലെ ഇതാ ഫാൻസ് അസോസിയേഷനിൽ പൊട്ടിത്തെറി ഉണ്ടായിരിക്കുകയാണ്. മോഹൻ ലാൽ ഫാൻസ് അസോസിയേഷൻ ആലപ്പുഴ ജില്ല സെക്രട്ടറി അടക്കമുള്ള ഭാരവാഹികൾ രാജിവെച്ചു. AKMFCWA ആലപ്പുഴ ജില്ലാ സെക്രട്ടറി ബിനു രാജ് ആണ് രാജിവെച്ചത്. സെക്രട്ടറി സ്ഥാനം രാജിവെക്കുന്നതായിട്ടാണ് ബിനു രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സിനിമയുടെ ആവിഷ്‌കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്‌നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി താനറിഞ്ഞുവെന്നും പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്നും ആണ് മോഹൻലാൽ ഫെയ്‌സ്ബുക്കിൽ കുറിച്ചത്. ഒരു കലാകാരൻ എന്ന നിലയിൽ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം വിവാദമായ വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ തങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞുവെന്നും കൂട്ടിച്ചേർത്തു.









