സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; 4 ദിവസത്തിനിടെ 302 പേർക്ക് ഇൻഫ്ലുവൻസ

കൊച്ചി: കനത്ത മഴ ദുരിതം വിതയ്ക്കുന്നതിനിടെ സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിലും വൻ വർധനവ്. സാധാരണ പനിയെന്ന കരുതുന്ന പല കേസുകളിലും ഇൻഫ്ലുവൻസ അഥവാ ഫ്ലൂ സ്ഥിരീകരിക്കുന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം 302 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. പ്രതിദിനം നൂറിലധികം ആളുകളാണ് ചികിത്സ തേടിയെത്തുന്നത്. ഈ വർഷം ഇതുവരെ 70 പേർ ഇൻഫ്ലുവൻസ മൂലം മരണപ്പെട്ടിട്ടുണ്ട്. ജൂലൈ മാസത്തിൽ മാത്രം 2899 പേർക്ക് രോഗം ബാധിക്കുകയും 31 പേർ മരിക്കുകയും ചെയ്തിരുന്നു.

​ഇൻഫ്ലുവൻസ എ വിഭാഗത്തിൽപ്പെടുന്ന എച്ച്1എൻ1  രോഗബാധയും സംസ്ഥാനത്ത് വ്യാപിക്കുകയാണ്. ജൂലൈ വരെയുള്ള കണക്കനുസരിച്ച് 2771 പേർക്ക് എച്ച്1എൻ1 സ്ഥിരീകരിക്കുകയും 42 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ രോഗികളുടെ നിരക്ക് വളരെയധികം കൂടുതലാണ്. എറണാകുളം ജില്ലയിലാണ് രോഗ ബാധിതർ ഏറ്റവും കൂടുതലുള്ളത്. കൂടാതെ തിരുവനന്തപുരം, കോഴിക്കോട് നഗരപ്രദേശങ്ങളിലും രോഗവ്യാപനം ശക്തമാണ്.

​അന്തരീക്ഷത്തിൽ ഈർപ്പം കൂടിയതിനാലും കാലാവസ്ഥാ വ്യതിയാനം മൂലവും വൈറസുകൾ കൂടുതൽ സമയം നിലനിൽക്കുന്നതാണ് രോഗപകർച്ച വേഗത്തിലാക്കുന്നത്. സ്കൂളുകൾ പോലെയുള്ള പൊതുസ്ഥലങ്ങളിലെ ജനത്തിരക്കും രോഗവ്യാപനത്തിന് വഴിവെക്കുന്നു. പ്രായമായവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്നും, പനി, ജലദോഷം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വൈദ്യസഹായം തേടണമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

​അതേസമയം, ഡെങ്കിപ്പനിയും എലിപ്പനിയും ആശങ്കയായി തുടരുകയാണ്. സംസ്ഥാനത്ത് ദിനംപ്രതി നൂറോളമാളുകൾക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. വെള്ളപ്പൊക്ക സാഹചര്യങ്ങൾ മാറുമ്പോൾ എലിപ്പനി വ്യാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കൃത്യസമയത്ത് തിരിച്ചറിഞ്ഞില്ലെങ്കിൽ എലിപ്പനി മരണകാരണമായേക്കാം. അതിനാൽ പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ കഴിക്കാനും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ ആരംഭിക്കാനും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.

Top News from last week.