തീർത്ഥാടന ടൂറിസം;കണ്ണൂരിന്റെ സാധ്യതകളും പോരായ്മകളും.

സത്യൻ എടക്കാട്

കണ്ണൂർ ജില്ല പ്രകൃതി സൗന്ദര്യത്തിന്റെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ചരിത്ര സ്മാരകങ്ങളുടെയും നാടാണ്. ഒപ്പം വിവിധ മതങ്ങളുടെയും വിശ്വാസങ്ങളുടെയും സംഗമഭൂമി കൂടിയായ കണ്ണൂർ തീർത്ഥാടന ടൂറിസത്തിന് ഏറെ സാധ്യതയുള്ള പ്രദേശമാണ്. ക്ഷേത്രങ്ങൾ,ചർച്ചുകൾ, പള്ളികൾ,തെയ്യക്കാവുകൾ തുടങ്ങി ധാരാളം വിശ്വാസകേന്ദ്രങ്ങൾ കണ്ണൂർ ജില്ലയിൽ ഉണ്ട്.

പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര, മൃദംഗശൈലേശ്വരി ക്ഷേത്രം, രാജരാജേശ്വര ക്ഷേത്രം, മാടായിക്കാവ്, പെരളശ്ശേരി അമ്പലം തുടങ്ങിയവ നിത്യേന നിരവധി ഭക്തജനങ്ങൾ വന്നുകൊണ്ടിരിക്കുന്ന പ്രധാന ആരാധനാലയങ്ങളാണ്. ഇന്ത്യയിലെ മൂന്നാമത്തെ മുസ്ലിം പള്ളിയായ മാലിക് ദീനാർ നിർമ്മിച്ച മാടായി പള്ളിയും കണ്ണൂർ ബർണ്ണശ്ശേരിയിൽ പോർച്ചുഗീസുകാർ നിർമ്മിച്ച ഹോളി ട്രിനിറ്റി ചർച്ചും ഒക്കെ പ്രധാന ആരാധനാലയങ്ങളാണ്.

ഈയടുത്ത കാലം വരെയും ജില്ലക്ക് അകത്തുനിന്നും സമീപപ്രദേശങ്ങളിൽ നിന്നുമുള്ള ആളുകൾ ആയിരുന്നു കണ്ണൂരിലെ ആരാധനാലയങ്ങളിൽ എത്തിയിരുന്നത്. ഇപ്പോൾ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ളവരും സമീപ സംസ്ഥാനങ്ങളായ കർണാടക, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമുള്ള ഭക്തരും ടൂറിസ്റ്റുകളും ധാരാളമായി കണ്ണൂരിൽ വരുന്നുണ്ട്. അവിടങ്ങളിലൊക്കെയുള്ള ടൂർ ഓപ്പറേറ്റർമാർ വിമാനയാത്രയടക്കം പാക്കേജിൽ ഉൾപ്പെടുത്തിക്കൊണ്ട് സഞ്ചാരികളെ ഇവിടേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നു.

കൊട്ടിയൂർ അമ്പലത്തിലെ വൈശാഖോത്സവത്തിന് കണ്ണൂരിലേക്ക് ഇത്തവണ കർണാടകയിൽ നിന്നും മറ്റും ഭക്തജനങ്ങളുടെയും സഞ്ചാരികളുടെയും അഭൂതപൂർവ്വമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. നിരവധി വാഹനങ്ങളാണ് സഞ്ചാരികളെയും കൊണ്ട് ഓരോ ദിവസവും അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റും കണ്ണൂരിൽ എത്തുന്നത്. അവർ കൊട്ടിയൂർ അമ്പലത്തിന് പുറമേ പറശ്ശിനിക്കടവ്, മൃദംഗശൈലേശ്വരി ക്ഷേത്രം,പെരളശ്ശേരി അമ്പലം, രാജരാജേശ്വര ക്ഷേത്രം,മാടായിക്കാവ് തുടങ്ങിയ ആരാധനാലയങ്ങൾക്ക് പുറമേ മുഴപ്പിലങ്ങാട് ബീച്ച്,കണ്ണൂർ കോട്ട,പയ്യാമ്പലം ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ കൂടി സന്ദർശിച്ചിട്ടാണ് തിരിച്ചു പോകുന്നത്.

ഇവിടങ്ങളിലെ ഹോട്ടലുകൾ, റിസോർട്ടുകൾ,ഓട്ടോ ടാക്സി, തട്ടുകടകൾ,പ്രൈവറ്റ് പാർക്കിംഗ് തുടങ്ങിയ മേഖലകളിൽ ഉള്ളവർക്ക് തൊഴിലും വരുമാനവും ലഭിച്ചുകൊണ്ടിരിക്കുന്നത് കൊണ്ടുതന്നെ സഞ്ചാരികളുടെ വരവിനെ നാം പ്രോത്സാഹിപ്പിക്കേണ്ടതാണ്. അതോടൊപ്പം അവിടങ്ങളിലെ തിരക്കും വാഹനഗതാഗതക്കുരുക്കും അനുഭവപ്പെടുന്നതിനു പുറമേ പല സ്ഥലങ്ങളിലും മാലിന്യം ഉപേക്ഷിച്ചു പോകുന്നതായും പരാതികൾ ഉയരുന്നുണ്ട്. ഉത്സവകാലങ്ങളിൽ ഉണ്ടാകുന്ന മാലിന്യ നിക്ഷേപവും പ്ലാസ്റ്റിക് ഉപയോഗവും പരിസ്ഥിതിക്ക് ഭീഷണി ആകാതെ നോക്കേണ്ടതുണ്ട്.

കണ്ണൂരിലെ തീർത്ഥാടന ടൂറിസം കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പ്രധാന വെല്ലുവിളിയാണ്. പല കേന്ദ്രങ്ങളിലും മതിയായ പാർക്കിംഗ് സൗകര്യങ്ങൾ, ശുചിമുറികൾ,വിശ്രമകേന്ദ്രങ്ങൾ എന്നിവയുടെ കുറവുണ്ട്. ഗ്രാമീണമേഖലയിലുള്ള ചില കേന്ദ്രങ്ങളിലേക്ക് പൊതു ഗതാഗത സൗകര്യങ്ങൾ പരിമിതമാണ്.

അടിസ്ഥാന സൗകര്യ വികസനവും ഫലപ്രദമായ ഇടപെടലും നടത്തിയാൽ കണ്ണൂരിനെ ഇന്ത്യയിലെ തന്നെ പ്രധാന തീർത്ഥാടന ടൂറിസം കേന്ദ്രമായി ഉയർത്താൻ സാധിക്കും. ഡിജിറ്റൽ പ്രചാരണം ശക്തമാക്കുക,ബഹുഭാഷാ വിവരങ്ങൾ ലഭ്യമാക്കുക തുടങ്ങിയവയും ചെയ്യേണ്ടതുണ്ട്. കണ്ണൂർ ജില്ലയിൽ ദൂരസ്ഥലങ്ങളിൽ നിന്നും കൂടുതൽ സഞ്ചാരികളെത്തുന്ന ആരാധനാലയങ്ങളിലും മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും ഇടപെടലുകൾ നടത്തുന്നതിനുമായി ഉദ്യോഗസ്ഥർ,ജനപ്രതിനിധികൾ,ക്ഷേത്ര ഭാരവാഹികൾ,ടൂറിസം ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർ ഉൾക്കൊള്ളുന്ന ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് പ്രവർത്തിച്ചാൽ സഞ്ചാരികളുടെ എണ്ണവും അവിടങ്ങളിലെ തൊഴിലും വരുമാനവും കൂട്ടാനും ഗതാഗത പ്രശ്നങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിച്ചുകൊണ്ട് അവിടങ്ങൾ “ടൂറിസ്റ്റ് ഫ്രണ്ട്ലി” കേന്ദ്രങ്ങളായി മാറ്റാൻ സാധിക്കും.

 

 

ലേഖകൻ : സത്യൻ എടക്കാട്
മുൻ ടൂറിസം പോലീസ് ഉദ്യോഗസ്ഥൻ, ടൂറിസ്റ്റ് ഗൈഡ്.

Top News from last week.