കേന്ദ്രത്തിന് മുന്നിൽ വീണത് മുൻ സർക്കാരിന്റെ തട്ടിപ്പ്; ഭേദഗതി ബിൽ തള്ളിയതിൽ പ്രതികരണവുമായി വനംമന്ത്രി ഷിബു ബേബി ജോൺ


ഇടുക്കി: സംസ്ഥാന സർക്കാർ സമർപ്പിച്ച വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബിൽ കേന്ദ്രം നിരസിച്ചതിന് കാരണം മുൻ സർക്കാരിന്റെ കണ്ണ് കെട്ടൽ തട്ടിപ്പാണെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. കേന്ദ്ര നിയമങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കഴിഞ്ഞ സർക്കാർ ഇത്തരം നയങ്ങൾ നടപ്പിലാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

വിഷയത്തിൽ കേന്ദ്ര വനംമന്ത്രിയുമായി പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞെന്നും, നിയമവകുപ്പുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം, ഇ.എസ്.എ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് മലയോര ജനതയ്ക്കുള്ള ആശങ്കകൾ അടിയന്തരമായി പരിഹരിക്കും. ജനവാസ കേന്ദ്രങ്ങൾ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവ ഒഴിവാക്കുന്നതിനുള്ള വിശദമായ പരിശോധനകൾ നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഇടുക്കിയിൽ വ്യക്തമാക്കി.
കേരളം കൊണ്ടുവന്ന വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് കേന്ദ്രാനുമതി ലഭിച്ചിട്ടില്ലെന്ന് ലോക്‌സഭയിൽ അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി പരിസ്ഥിതി-വനം സഹമന്ത്രി കീർത്തി വർധൻ സിംഗ് വ്യക്തമാക്കിയതിന് പിന്നാലെയാണ് മന്ത്രിയുടെ ഈ പ്രതികരണം. മനുഷ്യ-വന്യജീവി സംഘർഷം തടയാൻ 1972-ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽത്തന്നെ ആവശ്യത്തിന് വ്യവസ്ഥകളുണ്ടെന്നും, അതിനുള്ള പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നുമാണ് കേന്ദ്ര നിലപാട്. കേന്ദ്രം ബിൽ തള്ളിയ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഇനി എന്തെല്ലാം നിയമപരമായ ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.









