ദോഹ: അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഫിഫ ലോകകപ്പ് സമയത്ത് താമസിച്ച മുറി മ്യൂസിയമാക്കി മാറ്റുന്നു. ഖത്തർ യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റലിലാണ് ലോകകപ്പ് സമയത്ത് മെസ്സിക്കും അർജന്റീന താരങ്ങൾക്കും താമസം ഒരുക്കിയിരുന്നത്. മെസ്സിയും സുഹൃത്തും സഹതാരവുമായിരുന്ന സെർജിയോ അഗ്യൂറോയും താമസിച്ച ഇവിടത്തെ ബി 201-ാം നമ്പർ മുറി ഇനി മറ്റാർക്കും താമസത്തിന് നൽകില്ലെന്ന് ഖത്തർ യൂണിവേഴ്സിറ്റി പബ്ലിക്ക് റിലേഷൻസ് ഡയറക്ടർ ഹിത്മി അൽ ഹിത്മി ഖത്തർ പത്രമായ അൽ ഷാർഖിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.മുറിയിൽ മെസ്സി ഉപയോഗിച്ച വസ്തുക്കളെല്ലാം അതേപടി നിലനിർത്തിയിട്ടുണ്ട്. അർജന്റീന ടീമിന്റെ താമസത്തിനായി യൂണിവേഴ്സിറ്റി ഈ ഹോസ്റ്റലിന് മാറ്റങ്ങൾ വരുത്തിയിരുന്നു. താരങ്ങളുടെ ചിത്രങ്ങളും മറ്റും പതിപ്പിച്ച് അർജന്റീനയുടെ പതാകയടക്കം പ്രദർശിപ്പിക്കുന്നതായിരുന്നു ഈ താമസ സ്ഥലം.