തളിപ്പറമ്പ :വാര്‍ധക്യത്തിന്റെ ആകുലതകള്‍ ഇതിവൃത്തമാക്കിയ ഹിന്ദി ചിത്രം ‘ദ സ്റ്റോറി ടെല്ലര്‍’ തളിപ്പറമ്പ് ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവലില്‍ പ്രേക്ഷക ശ്രദ്ധനേടി. ആനന്ദ് നാരായണ്‍ മഹാദേവന്‍ സംവിധാനം ചെയ്ത ചിത്രത്തിന് രാജ്യാന്തര ചലച്ചിത്ര മേളയിലും മികച്ച പ്രതികരണം ലഭിച്ചിരുന്നു. വിഖ്യാത സംവിധായകന്‍ സത്യജിത് റേയുടെ ഗോള്‍പോ ബോലിയേ താരിണി ഖുറോ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയത്. തരിണി രഞ്ജന്‍ ബന്ദോപാധ്യായ എന്ന കഥാപാത്രത്തിന്റെ ജീവിതഘട്ടങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. ജോലിയില്‍ നിന്നു വിരമിച്ച വിഭാര്യനായ തരിണി രഞ്ജന്‍ അലഹബാദിലെ രത്തന്‍ ഗറോഡിയ എന്ന ബിസിനസുകാരന് വേണ്ടി കഥ പറയുന്ന ജോലി ഏറ്റെടുക്കുന്നു. തരുണിയും ഗറോഡിയയും തമ്മില്‍ നടക്കുന്ന വിശ്വാസവഞ്ചനയുടെയും പ്രതികാരത്തിന്റെയും രസകരമായ ആവിഷ്‌കാരമാണ് ചിത്രം.
പരേഷ് റാവല്‍, ആദില്‍ ഹുസ്സൈന്‍, തന്നിഷ്ട ചാറ്റര്‍ജി, മലയാളി താരമായ രേവതി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ബുസാന്‍ ഉള്‍പ്പടെ നിരവധി മേളകളില്‍ പ്രേക്ഷക പ്രീതി നേടിയിട്ടുണ്ട്. മേളയിലെ ഇന്ത്യന്‍ സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.