തെരഞ്ഞെടുപ്പ് കാലത്ത് പിടികൂടുന്ന കള്ളപ്പണ കേസുകളിൽ സമയബന്ധിത അന്വേഷണം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി


തെരഞ്ഞെടുപ്പ് കാലത്ത് പിടികൂടുന്ന കള്ളപ്പണം സംബന്ധിച്ച ക്രിമിനൽ കേസുകളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി നടപടികൾ അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.

ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ. കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കള്ളപ്പണത്തിന്റെ സാന്നിധ്യം ജനാധിപത്യത്തെയും നിയമവാഴ്ചയെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെയും ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണമോ മറ്റ് സ്വത്തുക്കളോ പിടിച്ചെടുക്കുന്ന സാഹചര്യത്തിൽ, 24 മണിക്കൂറിനകം ജില്ലാ മജിസ്ട്രേറ്റ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അല്ലെങ്കിൽ ബന്ധപ്പെട്ട അധികാരമുള്ള കോടതിയെ വിവരം അറിയിക്കണം. പിടിച്ചെടുത്ത പണമോ സ്വത്തുക്കളോ ഏതെങ്കിലും തെരഞ്ഞെടുപ്പ് കുറ്റവുമായി ബന്ധപ്പെട്ടതാണെന്ന് സംശയിക്കുന്നതിനുള്ള കാരണങ്ങളും റിപ്പോർട്ടിൽ വ്യക്തമാക്കണം.
അന്വേഷണ ഉദ്യോഗസ്ഥൻ ഒരു വർഷത്തിനകം അന്വേഷണം പൂർത്തിയാക്കാൻ പരമാവധി ശ്രമിക്കണമെന്നും കോടതി നിർദേശിച്ചു. അന്വേഷണം വൈകുന്ന സാഹചര്യമുണ്ടെങ്കിൽ അതിന്റെ കാരണം രേഖപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.









