ദില്ലി: തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിന് സുപ്രീംകോടതിയുടെ പച്ചക്കൊടി. വോട്ടർപട്ടിക പരിഷ്ക്കരണത്തിന് ഭരണഘടനാപരമായി തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താൻ വോട്ടർ പട്ടിക പരിഷ്കരണം അനിവാര്യമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വോട്ടർ പട്ടികയിൽ നിന്ന് ഒരാളുടെ പേര് ഒഴിവാക്കുന്നത് കൊണ്ട് അയാൾക്ക് പൗരത്വം നഷ്ടമാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
വോട്ടർ പട്ടികയിലെ ഒഴിവാക്കലുകൾ നിയമവിരുദ്ധമല്ല. കമ്മീഷന് പൗരത്വത്തെക്കുറിച്ച് നിയമാനുസൃതമായ അന്വേഷണം നടത്താൻ കഴിയും. പൗരത്വത്തിന്റെ അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന് എടുക്കാനാകില്ലെന്നും കോടതി ഓർമിപ്പിച്ചു. കൂടാതെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നത് ഒരാളുടെ പൗരത്വം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമല്ലെന്നും കോടതി വ്യക്തമാക്കി. ഒഴിവാക്കുന്നവർ ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിച്ചാൽ വോട്ടർപട്ടികയിൽ പേരുകൾ ഉൾപ്പെടുത്തണം. എസ്‌ഐആർ എന്നത് പിൻവാതിലിലൂടെയുള്ള പൗരത്വ പരിശോധനയാണെന്ന് ആരോപിച്ച് ഹർജിക്കാരും പ്രതിപക്ഷവും ഉയർത്തിയ തടസ്സവാദങ്ങൾ കോടതി തള്ളി.









