‘ആർ.എസ്.എസ് ചടങ്ങിൽ വി.സി പങ്കെടുത്തത് തെറ്റായ നടപടി’; ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ


തിരുവനന്തപുരം: ആർ.എസ്.എസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. വി.സി പദവിയിലിരിക്കുന്ന ഒരാൾ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വേദികളിൽ എത്തി പ്രത്യയശാസ്ത്ര ധ്രുവീകരണത്തിന് വഴിയൊരുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലത്തെ രാഷ്ട്രീയ വീതംവെപ്പിന്റെ ഫലമായാണ് അദ്ദേഹം വൈസ് ചാൻസലർ പദവിയിലെത്തിയതെന്നും റോജി എം. ജോൺ ആരോപിച്ചു.

കരുതലോടെ കോതമംഗലം വിദ്യാർത്ഥിയുടെ മരണം; കാലടിയിൽ എസ്.എഫ്.ഐയ്ക്ക് വിമർശനം
കോതമംഗലം എം.എ. കോളേജിൽ വടക്കുകിഴക്കൻ സംസ്ഥാനക്കാരനായ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ പോലീസിന്റെ ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. സർവകലാശാലാ മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാണെന്ന് മാനേജ്‌മെന്റ് വ്യക്താമാക്കിയിട്ടുണ്ട്. കൊച്ചിയിൽ നിന്ന് ഡൽഹി വഴി ഇറ്റാനഗറിലേക്ക് മൃതദേഹം എത്തിക്കുന്നതിന് വൻ തുക ചെലവും പ്രായോഗിക ബുദ്ധിമുട്ടുകളുമുണ്ട്. മൃതദേഹം സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകാൻ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കാലടി സർവകലാശാലയിൽ വി.സിക്കെതിരെ എസ്.എഫ്.ഐ നടത്തിയ സമരം അതിരുകടന്നതും അപരിഷ്കൃതവുമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. വി.സിയെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസിന് പരാതി ലഭിച്ചതിനാലാണ് കേസ് എടുത്തത്. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ തടയില്ലെങ്കിലും ഇത്തരം അക്രമസമരങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കില്ല.
കണ്ണൂർ സർവകലാശാലയിലെ ‘ഷീ ഫെസ്റ്റിൽ’ ഐഷി ഘോഷിന്റെ പങ്കാളിത്തത്തിന് വിലക്കേർപ്പെടുത്തിയെന്ന ആരോപണത്തിൽ, കൃത്യമായ നിശ്ചിത മാതൃകയിൽ മുൻകൂട്ടി അപേക്ഷ സമർപ്പിക്കാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. വ്യക്തികളെ നോക്കിയല്ല, മറിച്ച് ചട്ടങ്ങൾ പാലിക്കാത്തതിനാലാണ് വി.സി ഇടപെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









