കുഞ്ഞിമംഗലം : അങ്ങ് ബ്യൂണസ് ഐറീസിൽ അർജന്റീനയുടെ ലോകകപ്പ് ഫുട്‌ബോൾ ആഘോഷം പൊടിപൊടിക്കുമ്പോൾ ഇങ്ങ് കണ്ണൂരിലും ആരാധകർ മോശമാക്കുന്നില്ല. മുത്തപ്പൻ വെള്ളാട്ടവും അന്നദാനവും സംഘടിപ്പിച്ചാണ് കുഞ്ഞിമംഗലം കുതിരുമ്മൽ ഫാൻസ് വിജയാഘോഷത്തിന്റെ ഭാഗമാകുന്നത്. കുതിരുമ്മൽ ഫാൻസ് സ്ഥാപിച്ച 55 അടി ഉയരമുള്ള മെസ്സിയുടെ കട്ടൗട്ട് നേരത്തേ ശ്രദ്ധേയമായിരുന്നു. അർജന്റീന കപ്പടിച്ചാൽ മുത്തപ്പൻ കെട്ടിയാടിക്കുമെന്നും, അന്നദാനമൊരുക്കുമെന്നും അർജന്റീനയുടെ കടുത്ത ആരാധകനായ പി വി ഷിബു സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഷിബുവിന് മുത്തപ്പനും, മെസ്സിയും ഏറെ പ്രിയപ്പെട്ടവരാണ്. കാത്തിരുന്ന സ്വപ്‌നം സഫലമായതോടെയാണ് മുത്തപ്പനെ കെട്ടിയാടിച്ചത്. രണ്ടായിരം പേർക്ക് ഭക്ഷണവുമൊരുക്കി.